Home News National തൃണമൂൽ നേതാക്കളെ ജനം വഴിയിലിട്ട് അടിക്കുന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ എംപിക്ക് നേരെയും ആൾക്കൂട്ടാക്രമണം

തൃണമൂൽ നേതാക്കളെ ജനം വഴിയിലിട്ട് അടിക്കുന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ എംപിക്ക് നേരെയും ആൾക്കൂട്ടാക്രമണം

Advertisement

കൊല്‍ക്കൊത്ത.പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ തുടരുന്നതിനിടയിൽ, പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ കല്യാൺ ബാനർജിക്ക് നേരെ ക്രൂരമായ അക്രമം. ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ചണ്ഡിതാല പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ശ്രീരാംപൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയായ കല്യാൺ ബാനർജിക്ക് നേരെ അക്രമമുണ്ടായത്. അക്രമത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ ചണ്ഡിതാല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വെച്ച് ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായിരുന്നു.

പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ചണ്ഡിതാല മാർക്കറ്റിന് സമീപം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് കല്യാൺ ബാനർജി തന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർക്കൊപ്പം കാറിൽ നിന്നിറങ്ങി നടക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ഒത്തുകൂടിയ ഒരു സംഘം ആളുകൾ അദ്ദേഹത്തിന് നേരെ കറുത്ത കൊടി കാണിക്കുകയും ‘കള്ളൻ, കള്ളൻ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് തർക്കം രൂക്ഷമാവുകയും ബിജെപി പ്രവർത്തകർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും കല്ലും ഡ്യൂസ് ബോളും ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയുമായിരുന്നു എന്ന് കല്യാൺ ബാനർജി ആരോപിച്ചു.

അടിയേറ്റ ഉടൻ തന്നെ അദ്ദേഹം റോഡിലേക്ക് വീണു. പിന്നീട് അവിടെയുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. അക്രമം നടക്കുമ്പോൾ ബംഗാൾ പോലീസ് നിശ്ശബ്ദ കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു എന്നും തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കല്യാൺ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് അദ്ദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണയിരുന്നു

തൃണമൂൽ കോൺഗ്രസ് ഈ അക്രമത്തെ ശക്തമായി അപലപിച്ചു. തൊട്ടുമുൻപത്തെ ദിവസം ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വെച്ച് ജനക്കൂട്ടത്തിന്റെ കനത്ത അക്രമം നടന്ന് 24 മണിക്കൂർ തികയും മുൻപാണ് അടുത്ത എംപിക്ക് നേരെയും അക്രമമുണ്ടാകുന്നത് എന്ന് ടിഎംസി ചൂണ്ടിക്കാണിച്ചു. ബിജെപി സ്പോൺസർ ചെയ്യുന്ന ഗുണ്ടായിസമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ജനാധിപത്യം അപകടത്തിലാണെന്നും ടിഎംസി നേതാക്കൾ ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ ജനങ്ങൾ അനുഭവിച്ച പീഡനങ്ങളുടെയും അഴിമതിയുടെയും പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ തൃണമൂൽ നേതാക്കൾക്കെതിരെ നടത്തുന്ന സ്വാഭാവികമായ ജനരോഷം മാത്രമാണിതെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. നിലവിൽ പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ വൻ പോലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here