ന്യൂഡല്‍ഹി: വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്ന കേസുകളില്‍, ഭാരതീയ ന്യായ സംഹിത , അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോക്‌സോ കുറ്റം ചുമത്താമെന്ന് സുപ്രിംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ലൈംഗികത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പ്രായപൂര്‍ത്തിയായ ഒരു ഇരയെ ചൂഷണം ചെയ്യുന്നതിനായി ഭീഷണി, ബലം പ്രയോഗിക്കല്‍, മറ്റ് തരത്തിലുള്ള നിര്‍ബന്ധിക്കലുകള്‍, തട്ടിക്കൊണ്ടുപോകല്‍, വഞ്ചന, അധികാരം ദുരുപയോഗം ചെയ്യല്‍, ദുര്‍ബലമായ സാഹചര്യം ചൂഷണം ചെയ്യല്‍ അല്ലെങ്കില്‍ സമ്മതം നേടിയെടുക്കുന്നതിനായി പണമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുകയോ വാങ്ങുകയോ ചെയ്യുക തുടങ്ങിയ ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അവിടെ ഇരയുടെ ‘സമ്മതം’ എന്നത് പ്രസക്തമല്ലെന്ന് കോടതി പറഞ്ഞു.
മനുഷ്യക്കടത്തിന് ഇരയായ ഒരു കുട്ടി സമ്മതം നല്‍കിയില്ലെങ്കിലും കുറ്റകൃത്യമായി പരിഗണിക്കും. നിര്‍ബന്ധിക്കല്‍, വഞ്ചന തുടങ്ങിയ ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തി എന്ന് തെളിയിക്കപ്പെട്ടാല്‍, ഇര ‘സമ്മതിച്ചിരുന്നു’ എന്ന തരത്തിലുള്ള വാദങ്ങളോ ആരോപണങ്ങളോ പ്രസക്തമല്ലാതാകുമെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ ജോലി ചെയ്യുന്നത് ലൈംഗിക മേഖലയിലോ വേശ്യാവൃത്തിയിലോ ആണെന്ന ബോധ്യം ഒരാള്‍ക്ക് ഉണ്ടെന്നത് അവരെ മനുഷ്യക്കടത്തിന്റെ ഇര എന്ന പരിധിയില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കാരണം, തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് അവര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാം, അത് പിന്നീട് ചൂഷണത്തിലേക്ക് വഴിമാറിയതുമാകാം.
ഭരണഘടനയുടെ 21, 23 അനുച്ഛേദങ്ങള്‍ മനുഷ്യക്കടത്ത്, ഭിക്ഷാടനം, സമാനമായ മറ്റ് നിര്‍ബന്ധിത തൊഴിലുകള്‍ എന്നിവ നിരോധിക്കുന്നുണ്ടെന്നും ഇതിന്റെ പരിധി വിശാലവും പരിധികളില്ലാത്തതുമാണെന്നും പരമോന്നത കോടതി പറഞ്ഞു. മനുഷ്യക്കടത്ത് ഏത് രൂപത്തില്‍ കാണപ്പെട്ടാലും അത് തടയാന്‍ ഈ വകുപ്പ് സഹായിക്കുന്നു. ഇത് സര്‍ക്കാരിനെതിരെ മാത്രമല്ല, ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു സ്വകാര്യ വ്യക്തിക്കെതിരെയും നടപ്പാക്കാവുന്നതാണ്. അനുച്ഛേദം 23-നെയോ അത് നടപ്പിലാക്കാന്‍ നിര്‍മ്മിച്ച നിയമങ്ങളെയോ കൈകാര്യം ചെയ്യുമ്പോള്‍, കോടതി എപ്പോഴും ലിബറല്‍ ആയ വ്യാഖ്യാനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചൂഷണ സാഹചര്യങ്ങളില്‍ കഴിയുന്ന എല്ലാവര്‍ക്കും സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കുട്ടികള്‍ ഉള്‍പ്പെടുന്ന ഏതൊരു ലൈംഗിക ചൂഷണവും നിയമപരമായി സമ്മതമില്ലാത്തതാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ നിയമത്തില്‍ യാതൊരു അവ്യക്തതയുമില്ല. ലൈംഗിക പീഡനം, ക്രൂരമായ ലൈംഗിക അതിക്രമം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയോ സൂക്ഷിക്കുകയോ കൈവശം വെക്കുകയോ ചെയ്യുക തുടങ്ങി കുട്ടികള്‍ക്കെതിരെയുള്ള എല്ലാത്തരം ലൈംഗിക ചൂഷണങ്ങളും ഉള്‍ക്കൊള്ളാനാണ് പോക്‌സോ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനും വാണിജ്യപരമായ ലൈംഗിക ചൂഷണത്തിന് ഇരയായവരുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് ‘പ്രജ്വല’ എന്ന എന്‍ജിഒ ഫയല്‍ ചെയ്ത കേസിലാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യക്കടത്തിന് ഇരയായവരെ വെറും രക്ഷപ്പെടുത്തേണ്ട നിഷ്‌ക്രിയരായ വ്യക്തികളായി കാണാതെ, തങ്ങളെ എങ്ങനെ ശാക്തീകരിക്കണമെന്ന് ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള വ്യക്തികളായി അംഗീകരിക്കാനാണ് കോടതി ശ്രമിച്ചതെന്ന് ബെഞ്ച് പറഞ്ഞു.



































