26.4 C
Kollam
Thursday 15th October, 2026 | 07:56:09 PM
Home News Breaking News കൊട്ടാരക്കരയിൽ മുളക് പൊടി മുഖത്ത് കലക്കി ഒഴിച്ച് കവര്‍ച്ച; യുവതി അറസ്റ്റില്‍

കൊട്ടാരക്കരയിൽ മുളക് പൊടി മുഖത്ത് കലക്കി ഒഴിച്ച് കവര്‍ച്ച; യുവതി അറസ്റ്റില്‍

കൊട്ടാരക്കര: മേലില നടുക്കുന്നില്‍ വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി കലക്കി ഒഴിച്ച ശേഷം മാല മോഷ്ടിച്ച യുവതിയെ കൊട്ടാരക്കര പോലീസ് പിടികൂടി. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ താമസിച്ചിരുന്ന ഷമീറിന്റെ ഭാര്യ റസീന (36)യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മേലിലയിലെ നടുക്കുന്ന് ലാല്‍ ജംഗ്ഷന് സമീപം സിന്ധു ഭവനില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ് ഇവര്‍.
റസീന വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപമുള്ള സ്ത്രീയായ തങ്കമ്മയെ 15ന് ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങി കിടന്നപ്പോള്‍ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗില്‍ കലക്കിയ മുളകുപൊടി ഒഴിച്ചശേഷം, അവരുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. കൊട്ടാരക്കര എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ ജിജു കുമാര്‍. പി.ഡി.യുടെ നേതൃത്വത്തില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ലയമോള്‍, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇതിനു മുന്‍പും സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ റസീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.