പത്തനംതിട്ട. 13 കാരിയുടെ പീഡന പരാതിയിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ
ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസ് അവസാനിപ്പിക്കാൻ കൂടൽ പോലീസ് തീരുമാനിച്ചത്. ഏത് സാഹചര്യത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന മൊഴി നൽകിയതെന്നതടക്കം അന്വേഷിക്കും. അതേസമയം സംഭവത്തിൽ കസ്റ്റഡിയിലായവർ കൂടൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തി. പോലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഈ മാസം മൂന്നാം തീയതി രാത്രിയോടെയാണ് കൂടൽ എസ് ഐ ജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം പോക്സോ കേസിൽ
ആറുപേരെ കസ്റ്റഡിയിലെടുത്തത്. സ്കൂളിന്റെ പരിസരത്ത് വച്ചും സമീപത്തുള്ള വീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് 13കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപാഠികൾ ഉൾപ്പെടെ ആറുപേരെ കസ്റ്റഡിയിലായത്. രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞപ്പോഴാണ്
കസ്റ്റഡിയിലുള്ളവരെ നാലാം തീയതി വൈകിട്ട് ആറുമണിയോടെ വിട്ടയച്ചത്. നാലാം തിയതി ഉച്ചക്ക് നടത്തിയ വൈദ്യ പരിശോധനയിലാണ് 13 കാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാൽ കസ്റ്റഡിയിൽ എടുത്തപ്പോൾ മുതൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിയുന്നത് വരെ പോലീസ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും അസഭ്യം പറഞ്ഞുവെന്നുമാണ്
ഒമ്പതാം ക്ലാസുകാരിയുടെ സഹപാഠികളുടെ രക്ഷിതാക്കൾ പറയുന്നത്.
പ്രായപൂർത്തിയാക്കാത്ത നാലു പേരെ കൂടാതെ കസ്റ്റഡിയിൽ ആയ രണ്ടുപേരിൽ 20കാരന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നു പറഞ്ഞിട്ടും പോലീസ് കാലിന്റെ വെള്ളയിൽ ചൂരലുകൊണ്ട് അടിച്ചെന്നും ബൂട്ടിട്ട് വിരലിൽ ചവിട്ടി എന്നും 20കാരൻ പരാതിപ്പെട്ടു .
കുറ്റം സമ്മതിപ്പിക്കാനുള്ള പോലീസിന്റെ ക്രൂര പീഡനത്തിന് ഇരയായതിൽ 20കാരന്റെ കുടുംബം ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ഇവരുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മർദ്ദനവീരന്മാരായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൂടൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.


































