കോഴിക്കോട്. വടകരയില് ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശിയായ മുസ്തഫയാണ് പിടിയിലായത്. ആഴ്ചയില് 250 രൂപ നിരക്കില്‍ മാസം 1000 രൂപ അടയ്ക്കാനായിരുന്നു നിർദേശം. 20 മാസം പണം അടച്ചിട്ടും ഫർണിച്ചർ കിട്ടാതായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വടകര പൊലീസ് അന്വേഷണം ഊർജിതമാക്കി.
വടകര മാക്കൂൽപീടികയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച റോയൽ ഫർണിച്ചർ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ആഴ്ചയിൽ 250 രൂപ വീതം, മാസം 1,000 രൂപയായി 20 മാസം അടച്ചാൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഫർണിച്ചറോ ഇലക്ട്രോണിക് ഉപകരണങ്ങളോ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയിൽ അംഗങ്ങളായവർക്ക് നറുക്ക് ലഭിച്ചാൽ തുടർന്ന് ഗഡുക്കൾ അടയ്ക്കേണ്ടതില്ലെന്നും സമ്മാനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം ശേഖരിച്ചത്.
ജീവനക്കാർ വീടുകളിലെത്തി ഓരോ മാസവും പണം പിരിച്ചിരുന്നതായും പരാതിക്കാർ പറയുന്നു. 20 മാസം പണം അടച്ചിട്ടും വാഗ്ദാനം ചെയ്ത സാധനങ്ങൾ ലഭിക്കാതിരുന്നതോടെ പലരും സ്ഥാപനത്തിലെത്തിയപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നിരവധി പേർ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.
നൂറിലധികം പേരാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ സമാഹരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സാമ്പത്തിക ഇടപാടുകൾ, പണം കൈമാറിയ അക്കൗണ്ടുകൾ, സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ മുസ്തഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


































