24.7 C
Kollam
Saturday 18th July, 2026 | 07:58:38 AM
Home News Breaking News സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി, LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി

സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി, LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി

മലപ്പുറം. സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി. LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. പെരിന്തൽമണ്ണ താഴേക്കാട് പഞ്ചായത്തിലെ സർക്കാർ ഭൂമിയിലെ മരങ്ങളാണ് പഞ്ചായത്ത് അംഗം ഉൾപ്പടെ ചേർന്ന് മുറിച്ചു കടത്തിയത്


താഴേക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികളിലെ മരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മരത്തിന്റെ ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ കൂറ്റൻ മരങ്ങളാണ് സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചു കടത്തിയത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ കേസെടുത്ത പെരിന്തൽമണ്ണ പോലീസാണ് സിപിഎം ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. താഴേക്കോട് പഞ്ചായത്ത് 18 ആം വാർഡ് LDF അംഗം മൊയ്തുപ്പുവാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയാണ് മൊയ്‌തുപ്പു.

ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് മൊയ്‌തുപ്പിവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഉത്തരവ് മറയാക്കി മരങ്ങൾ തന്നെ മുറിച്ചു കടത്തുകയായിരുന്നു. മരം മുറിക്ക് കൂട്ടുനിന്ന താഴേക്കോട് സ്വദേശികളായ സലീം, ഇബ്രാഹീം എന്നിവരും അറസ്റ്റിലായി. മൂവരും ചേർന്നാണ് മരം മുറിച്ചു കടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. 28 ൽ അധികം മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പോലീസ് കണ്ടെത്തൽ.