Home News Kerala വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡി അന്വേഷണം,കൊല്ലം സ്വദേശി ധന്യ...

വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡി അന്വേഷണം,കൊല്ലം സ്വദേശി ധന്യ മോഹനെ ചോദ്യം ചെയ്യുന്നു

തൃശൂര്‍. വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതി കൊല്ലം സ്വദേശി ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു. വ്യാജ വായ്പകളും ഇടപാടുകളും വഴി തട്ടിയ കോടികള്‍ ധന്യ മാറ്റിയത് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക്.


2024 ല്‍ വലപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. എണ്‍പത് ലക്ഷത്തിന്റെ തട്ടിപ്പെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരി തട്ടിയത് 20 കോടിയാണെന്ന് തിരിച്ചറിഞ്ഞത്. കുഴല്‍പ്പണമിടപാടുകളും വിദേശ അക്കൗണ്ടിലേക്ക് പണം എത്തിയതടക്കം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് ലിമിറ്റഡിലെ വലപ്പാട് ശാഖയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന കൊല്ലം സ്വദേശി ധന്യമോഹനാണ് കോടികള്‍ തട്ടിയത്. പതിനെട്ട് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ധന്യ 2019 മുതലാണ് തട്ടിപ്പ് തുടങ്ങിയത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ ആപ്പിലെ പഴുതുകള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വായ്പകളെന്ന വ്യാജേന സ്വന്തം അക്കൗണ്ടിലേക്കും പിതാവ്, സഹോദരന്‍, ഭര്‍ത്താവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റി. ഇത് പിടിക്കപ്പെടാതിരിക്കാന്‍ അയ്യായിരത്തിലധികം ഇടനില ട്രാന്‍സാക്ഷനുകളും നടത്തി. തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ധന്യ നഷ്ടപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. വലപ്പാട് ആഡംബര വീട് നിര്‍മിച്ച ധന്യ, സ്ഥലങ്ങളും വാങ്ങികൂട്ടി. നാല് വര്‍ഷത്തിനിടെ 6 ആഡംബര കാറുകളുമാണ് ഈ പണമുപയോഗിച്ച് ധന്യ വാങ്ങിയത്. കാര്‍ പാര്‍ക്കിങ്ങിനായി മാത്രം ലക്ഷങ്ങള്‍ വില നല്‍കി പ്രത്യേകം ഭൂമിയും വാങ്ങി. തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ ധന്യ, പിന്നീട് 2024 ജൂലൈ 26-ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ജയിലിലായിരുന്ന ധന്യ പിന്നീട് ജാമ്യത്തിലിറങ്ങി. ധന്യയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. പിടിയിലാകുമ്പോള്‍ ധന്യയുടെ അക്കൗണ്ടില്‍ എണ്‍പത് ലക്ഷം രൂപയുണ്ടായിരുന്നു. പണം വിവിധ അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കാന്‍ ശ്രമിച്ചതായി ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here