29.7 C
Kollam
Friday 18th September, 2026 | 05:59:25 PM
Home News Kerala മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍

മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍

പെരുമ്പാവൂര്‍. മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍. പെരുമ്പാവൂര്‍ എഎം റോഡിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ ജഗദീഷാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കള്‍കൊണ്ടുവന്ന മുക്കുപണ്ടം സ്വര്‍ണമെന്ന് രേഖപ്പെടുത്തിയാണ് പണം തട്ടിയത്.


കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മെയ് മാസം ഇരുപതിനായിരുന്നു കൃത്യമായ ഗൂഡാലോചനയോടെയുള്ള തട്ടിപ്പ്. പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്കില്‍ രാജേഷ് തോമസും, രാജേഷ് വിജയനും ചേര്‍ന്നാണ് ആഭരണങ്ങളുമായെത്തിയത്. സംശയത്തിന് ഇടനില്‍കാത്ത പെരുമാറ്റം. കൊണ്ടുവന്ന ആഭരണങ്ങള്‍ ബാങ്ക് അധികൃതരെ ഏല്‍പ്പിച്ചു. തൂക്കം നോക്കിയപ്പോള്‍ ഒന്‍പത് പവന്‍. ബാങ്കിലെ താത്കാലി അപ്രൈസറായ ജഗദീഷ് ആഭരണങ്ങള്‍ പരിശോധിച്ചു. അസല്‍ സ്വര്‍ണമെന്ന് സാക്ഷ്യപ്പെടുത്തിയതോടെ ഡീല്‍ ഒകെ. ജഗദീഷിന്റെ വാക്ക് വിശ്വസിച്ച് 72 ഗ്രാമിന് ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ ബാങ്കില്‍ നിന്ന് നല്‍കി. ഓപ്പറേഷന്‍ വിജയംകണ്ടതിന്റെ ആത്മവിശ്വാസത്തിലിരിക്കെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്.

ലോക്കറിലുള്ള സ്വര്‍ണാഭരണങള്‍ പരിശോധിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയില്‍ പണയംവെച്ച ഒന്‍പത് പവനും മുക്കാണെന്ന്് തെളിഞ്ഞു. വിഷയം അതീവ രഹസ്യമായി കൈകാര്യം ചെയ്ത ബാങ്ക് അധികൃതര്‍ മറ്റൊരു വിഷയത്തില്‍ സംശയം തീര്‍ക്കാനായി ജഗദീഷിനെ ബാങ്കിലേക്ക് വിളിപ്പിച്ചു. ജഗദീഷിനെകൊണ്ട് മുക്കുപണ്ടം പണയംവെച്ച മറ്റ് രണ്ട് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. മൂവരും ബാങ്കിലെത്തിയതിന് പിന്നാലെ പൊലീസുമെത്തി. പെരുമ്പാവൂര്‍ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമെന്ന ഉറപ്പിച്ചതോടെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ജഗദീഷും മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളാണ്. ഇവര്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായുള്ള സംശയവും പൊലീസിനുണ്ട്. മൂവരെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.