Home News Breaking News ആ ഹെലികോപ്റ്റര്‍ യാത്ര വേണ്ടി വന്നത് ഇതിനാലാണ്, മുഖ്യമന്ത്രി വിശദീകരിക്കുന്നു

ആ ഹെലികോപ്റ്റര്‍ യാത്ര വേണ്ടി വന്നത് ഇതിനാലാണ്, മുഖ്യമന്ത്രി വിശദീകരിക്കുന്നു

v d satheesan reply on events during rain disaster

തിരുവനന്തപുരം: താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയിലെത്തിയ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററില്‍ വന്നത്. രാത്രി കാണാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിനായി വന്ദേഭാരതില്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ആ സംഘത്തിന് സന്ധ്യയ്ക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചു. അതേത്തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ഈ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ മല്‍സരിക്കുന്നതിനിടയില്‍ താന്‍ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അവരെ കണ്ടില്ലെങ്കില്‍ പിന്നെ അതും ആക്ഷേപത്തിന് കാരണമാകും. സമയക്കുറവ് മൂലമാണ് വന്ദേഭാരതില്‍ പോകാനുള്ള പ്ലാന്‍ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏത് ഇന്‍വെസ്റ്ററാണെന്നു പറഞ്ഞാല്‍ പിന്നെ അവരെ പ്രശ്നത്തിലാക്കി അതുകൂടി ചിലര്‍ കളയും, അതിനാല്‍ പേരു വെളിപ്പെടുത്തേണ്ട സമയത്ത് മാത്രമേ പറയൂ.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്ററാണ് താന്‍ ഉപയോഗിച്ചത്. ഈ 25 മണിക്കൂര്‍ ഉപയോഗിച്ചില്ലെങ്കിലും സര്‍ക്കാരിന് 80 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത സെപ്റ്റംബര്‍ വരെയാണ് ഈ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

തന്റെ യാത്രയെ വിമര്‍ശിക്കുന്നവര്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല യാത്രകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കിയത്. ആ ചരിത്രമൊന്നും പറയിപ്പിക്കരുത്. താന്‍ ഒരു പാര്‍ട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനം ഉപയോഗിച്ചിട്ടില്ല. ഒരു സ്വകാര്യ യാത്രയും നടത്തിയിട്ടില്ല. ഔദ്യോഗികമായ ആവശ്യത്തിന് തന്നെയാണ് പോയത്. സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here