ഇന്ന് സെപ്റ്റംബർ 17, ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? 30 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ മുഴങ്ങുന്നത്. അന്നുവരെ ലാൻഡ് ഫോണുകൾ മാത്രം ഉപയോഗിച്ചിരുന്ന മലയാളികൾക്കിടയിലേക്ക് മൊബൈൽ എന്നൊരു വിസ്മയം നാടിന്റെ ജീവിതമൊന്നാകെ മാറ്റിമറിച്ചു.
1996 സെപ്റ്റംബർ 17-ന് എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിലാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ മുഴങ്ങിയത്. ഇപ്പോൾ എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാനശേഖരമായി മാറിയ സ്മാർട്ട്ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധവും വളരെ വലുതാണ്. കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സേവനം ഉദ്ഘാടനം ചെയ്തത് ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയാണ്.
ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എആർ ടാൻഡനുമായി സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു. ആ കോളോടെ കേരളത്തിന്റെ ആശയവിനിമയ ലോകത്തിനൊരു പുതുയുഗപ്പിറവിയുണ്ടായി.
എസ്കോടെൽ കേരളത്തിലവതരിപ്പിച്ച കോളുകളുടെ അന്നത്തെ റേറ്റ് ഇന്ന് കേട്ടാൽ അത്ഭുതപ്പെടും. ഔട്ട്ഗോയിങ് റേറ്റിന് 16 രൂപ. ഇൻകമിംഗിന് 8 രൂപ 40 പൈസ. അന്ന് ഒരു മൊബൈൽ ഫോണിന് 20,000 മുതൽ 50,000 വരെ വിലയുണ്ടായിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അന്നത്തെ മൊബൈൽ ജീവിതം.
ഇന്ത്യയിൽ 1995 ജൂലൈ 31നായിരുന്നു ആദ്യ മൊബൈൽ ഫോൺവിളി നടന്നത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിയായിരുന്ന സുഖ്റാമിനെ വിളിച്ച് ഇന്ത്യയിലെ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ടു. ഇന്ന് 4.5 കോടിയിലധികം കണക്ഷനുകളുമായി കേരളം രാജ്യത്തുതന്നെ ഏറെ മുന്നിലാണ്. ഒരു കോള് കൊണ്ട് ചരിത്രം സൃഷ്ടിക്കപ്പെട്ട് ഒറ്റ കോളിൽ ഒതുക്കാനാവാത്ത ജന്മസത്യമായി മാറിക്കഴിഞ്ഞു മൊബൈൽ ജീവിതം എന്ന് ചുരുക്കം.


































