30.2 C
Kollam
Thursday 17th September, 2026 | 11:28:32 AM
Home News Breaking News കണ്ടാൽ അസൽ സ്വർണം ‘916 BIS’ മുദ്രയും, പക്ഷേ ഉള്ളിൽ ചെമ്പും മെഴുക്കും ,വ്യാജ ആഭരണങ്ങൾ...

കണ്ടാൽ അസൽ സ്വർണം ‘916 BIS’ മുദ്രയും, പക്ഷേ ഉള്ളിൽ ചെമ്പും മെഴുക്കും ,വ്യാജ ആഭരണങ്ങൾ പണയം വെച്ച് തട്ടിയത് 17 ലക്ഷം

കണ്ണൂര്‍.ചെമ്പിലും മെഴുകിലും നിർമ്മിച്ച ആഭരണങ്ങളിൽ സ്വർണം പൂശി, 916 മുദ്ര പതിപ്പിച്ച് ബാങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം ചക്കരക്കൽ പോലീസിന്റെ പിടിയിൽ. പെരളശ്ശേരി സഹകരണ ബാങ്കിൽ നടന്നത് 17 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്.

കണ്ടാൽ അസൽ സ്വർണം… പക്ഷേ ഉള്ളിൽ ചെമ്പും മെഴുക്കും. ഈ വ്യാജ ആഭരണങ്ങൾ പണയം വെച്ചാണ് പെരളശ്ശേരി സഹകരണ ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിൽ നിന്ന് 17 ലക്ഷത്തിലേറെ രൂപ 3 അംഗ സംഘം തട്ടിയത്. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌നാസ്, ഇരിവേരി സ്വദേശികളായ ധനേഷ് ബാബു, മുനീർ ചന്ദ്രോത്ത് എന്നിവരാണ് അറസ്റ്റിലായത്.

മുനീർ 120.8 ഗ്രാം തൂക്കവും ധനേഷ് 62.325 ഗ്രാം തൂക്കവുമുള്ള വ്യാജ ആഭരണങ്ങൾ പലതവണയായി പണയം വെച്ചാണ് 17.20 ലക്ഷം രൂപ തട്ടിയെടുത്തത്. ചെമ്പിലും മെഴുകിലും നിർമ്മിച്ച ആഭരണങ്ങൾക്ക് സ്വർണം പൂശി, ‘916 BIS’ മുദ്ര പതിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ആഭരണങ്ങൾ എത്തിച്ചുനൽകിയത് മുഹമ്മദ് ഹഫ്‌നാസാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ
ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. സമാന രീതിയിൽ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.