എല്ലാ വർഷവും സെപ്റ്റംബർ 15 ന് ലോക ലിംഫോമ അവബോധ ദിനം ആചരിക്കുന്നു. ലിംഫോസൈറ്റുകളായ വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ് ലിംഫോമ. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതവുമാണ് ഇവയെങ്കിലും ഈ അസാധാരണ കോശങ്ങൾക്ക് അനിയന്ത്രിതമായി പെരുകാനും ലിംഫ് നോഡുകളിലോ മറ്റ് ടിഷ്യൂകളിലോ അടിഞ്ഞുകൂടാനും കഴിയും.
ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരിനം ക്യാന്‍സറാണ് ലിംഫോമ
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരിനം ക്യാന്‍സറാണ് ലിംഫോമ. ഇന്ത്യയിൽ മാത്രം ഓരോ വർഷവും ഇരുപത്തിമൂവായിരത്തിലധികം ആളുകളെയാണ് ലിംഫോമ ബാധിക്കുന്നത് എന്ന് ഐസിഎംആറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന സംവിധാനമാണ് ലിംഫാറ്റിക് സിസ്റ്റം
അണുബാധകളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്ന സംവിധാനമാണ് ലിംഫാറ്റിക് സിസ്റ്റം. ലിംഫ് നോഡുകൾ, സ്പ്ലീൻ, തൈമസ്, ബോൺമാരോ ഇവയെല്ലാം ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് ശ്വേതരക്ത കോശങ്ങളുടെ അരിപ്പകളും സർക്കുലേഷൻ ഹബ്ബുകളുമായി പ്രവർത്തിക്കുന്നു. ലിംഫോമ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ലിംഫ് നോഡുകളിലുണ്ടാകുന്ന വേദനയില്ലാത്ത വീക്കമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്
ലിംഫോമയുടെ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളിലൊന്ന് ലിംഫ് നോഡുകളിലുണ്ടാകുന്ന വേദനയില്ലാത്ത വീക്കമാണ്. പ്രത്യേകിച്ച് കഴുത്ത്, കക്ഷം, അല്ലെങ്കിൽ തുടയിടുക്ക് എന്നിവിടങ്ങളിൽ. അണുബാധകൾ മൂലവും ലിംഫ് നോഡുകൾക്ക് വീക്കം ഉണ്ടാകാം എന്നതിനാൽ, വീക്കം മാറാതെ നിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഒരു വിദഗ്ധനെ കാണുക.
ദീർഘകാലം നീണ്ടുനിൽക്കുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ പനി
കനത്ത പനിയാണ് മറ്റൊരു ലക്ഷണം. വ്യക്തമായ അണുബാധയൊന്നുമില്ലാതെ ദീർഘകാലം നീണ്ടുനിൽക്കുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ പനി ലിംഫോമയുടെ ലക്ഷണമാകാം. എന്നാൽ, പനി മാത്രം ലിംഫോമയുടെ ലക്ഷണമാകണമെന്നില്ലാത്തതിനാൽ മറ്റ് ലക്ഷണങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്.
രാത്രിയിൽ അമിതമായി വിയർക്കുന്നത് നിസാരമായി കാണരുത്
രാത്രിയിൽ അമിതമായി വിയർക്കുന്നത് നിസാരമായി കാണരുത്. ചിലർക്ക് വസ്ത്രങ്ങളോ കിടക്കവിരിയോ നനഞ്ഞുപോകുന്ന തരത്തിൽ രാത്രിയിൽ അമിതമായ വിയർപ്പ് അനുഭവപ്പെട്ടേക്കാം.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ലിംഫോമ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളില്ലാതെ അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ലിംഫോമ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.
മതിയായ വിശ്രമം ലഭിച്ചിട്ടും മാറാത്ത തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ ക്ഷീണം
ക്ഷീണത്തിന് പല കാരണങ്ങളുണ്ടാകാമെങ്കിലും, മതിയായ വിശ്രമം ലഭിച്ചിട്ടും മാറാത്ത തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ ക്ഷീണം ലിംഫോമയുടെ ലക്ഷണമായി കണ്ടേക്കാം.
ലിഫോമ ബാധിച്ച ചിലരിൽ വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടാം
ലിഫോമ ബാധിച്ച ചിലരിൽ, ചർമ്മത്തിൽ ദൃശ്യമായ തടിപ്പുകളോ മറ്റ് വ്യക്തമായ പ്രശ്നങ്ങളോ ഇല്ലെങ്കിൽപ്പോലും, കാരണം കണ്ടെത്താനാകാത്തതും വിട്ടുമാറാത്തതുമായ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിച്ചിൽ തുടരുകയോ അതോടൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടി കാണപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടുക.
വിട്ടുമാറാത്ത ചുമ, നെഞ്ചിൽ അസ്വസ്ഥത, അല്ലെങ്കിൽ നേരിയതോ തീവ്രമായതോ ആയ ശ്വാസതടസ്സം
നെഞ്ചിൽ ലിംഫ് നോഡുകൾ (ലസികാ ഗ്രന്ഥികൾ) വലുതാവുകയാണെങ്കിൽ അവ ചിലപ്പോൾ സമീപത്തുള്ള അവയവങ്ങളിൽ സമ്മർദ്ദം ചെലുത്തിയേക്കാം. ഇത് വിട്ടുമാറാത്ത ചുമ, നെഞ്ചിൽ അസ്വസ്ഥത, അല്ലെങ്കിൽ നേരിയതോ തീവ്രമായതോ ആയ ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമായേക്കാം.

































