പത്തനംതിട്ട. സഹപാഠികൾ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജമെന്ന് കൂടൽ പോലീസ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തി. സഹപാഠി പ്രണയം നിരസിച്ചതാണ് പരാതിക്ക് പിന്നിലെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനു മൊഴി നൽകി. ഇതോടെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.
പൊലീസിനു കേസ് കൃത്യമായി അന്വേഷിക്കാന്‍ തോന്നിയതിനാല്‍ രണ്ടപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് പിടിയിലായ ആറുപേരും അവരുടെ കുടുംബങ്ങളും
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിൽ ആണ് 13 കാരിയുടെ തുറന്ന് പറച്ചിൽ ഉണ്ടായത്. 10 പേർ ചേർന്ന് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ മൊഴി. പെൺകുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ കൂടൽ
പോലീസിന് കൈമാറിയതോടെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്തു. പിന്നീട് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസ് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.
13 കാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല എന്നാണ് വൈദ്യ പരിശോധനയിലെ കണ്ടെത്തൽ. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം ആറു പേരെ പോലീസ് ഇന്നലെ രാത്രി വിട്ടയച്ചു. ശേഷം 13 കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോൾ പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പോലീസിനോടും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പരാതി വ്യാജം എന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയ നൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെൺകുട്ടി പറഞ്ഞു.
ഇതോടെയാണ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാനും കേസ് അവസാനിപ്പിക്കാനുമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടും കൂടൽ പോലീസ് കോടതിയിൽ സമർപ്പിക്കും.


































