28 C
Kollam
Thursday 20th August, 2026 | 11:53:22 AM
Home Lifestyle Entertainment ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സൂര്യ- മമിത ബൈജു ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സൂര്യ- മമിത ബൈജു ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ പട്ടാമ്പൂച്ചി യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജിവി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സൂര്യയുടെ 46ാം ചിത്രമായി എത്തുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ രചയിതാവും.

രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍, പോസ്റ്ററുകള്‍ എന്നിവ നല്‍കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയത്.