Home News Kerala കിണറ്റില്‍ വീണ കാളയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ദാരുണ ദുരന്തത്തില്‍ കലാശിച്ചു

കിണറ്റില്‍ വീണ കാളയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ദാരുണ ദുരന്തത്തില്‍ കലാശിച്ചു

സത്‌ന: കിണറ്റില്‍ വീണ കാളയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ദാരുണ ദുരന്തത്തില്‍ കലാശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയും ചെയ്തു.

രാംനിവാസ് കുശ്വാഹയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ കാള വീണതിനെ തുടര്‍ന്നാണ് സംഭവം. കയറില്‍ തൂങ്ങി നാല് ഗ്രാമവാസികള്‍ ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും അടിത്തട്ടിലെത്തിയ ഉടന്‍ അബോധാവസ്ഥയിലാവുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നാലുപേരെയും പുറത്തെടുത്ത് സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. എന്നാല്‍ രാഹുല്‍ യാദവ് (36), വീരേന്ദ്ര യാദവ് (40), കൃഷ്ണദത്ത് യാദവ് (26) എന്നിവരെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഗുരുതരമായി അവശനായ രാമചന്ദ്ര യാദവ് (50) സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കിണറിനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും വിഷവാതകം നിറഞ്ഞതുമാണ് നാലുപേരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
മരിച്ച മൂന്നുപേരും ഒരേ കുടുംബാംഗങ്ങളാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.