Home News Breaking News വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; കിരീടപ്പോരാട്ടത്തിന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും

വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; കിരീടപ്പോരാട്ടത്തിന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും

ലണ്ടന്‍: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഇന്ന് കരുത്തരായ ഓസ്ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. ലോകക്രിക്കറ്റിലെ രണ്ട് വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ മത്സരം ചരിത്രപ്രസിദ്ധമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ കിരീടപ്പോരിലേക്ക് മുന്നേറിയത്. മറുവശത്ത് ശക്തരായ ദക്ഷിണാഫ്രിക്കയെ 40 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ ഉറപ്പിച്ചത്.
ഏഴാം വനിതാ ടി20 ലോകകപ്പ് കിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. സ്വന്തം നാട്ടില്‍ രണ്ടാം ലോകകിരീടം നേടുകയെന്ന വലിയ സ്വപ്നവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബെത് മൂണി, ആഷ്ലി ഗാര്‍ഡ്നര്‍, എലിസ് പെറി എന്നിവര്‍ മികച്ച ഫോമില്‍ തുടരുന്നത് ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം പകരുന്നു. മറുവശത്ത് എമി ജോണ്‍സ്, നാറ്റ് സിവര്‍-ബ്രണ്ട്, ഹീതര്‍ നൈറ്റ് എന്നിവരുടെ ബാറ്റിങ് മികവും ശക്തമായ ബൗളിങ് നിരയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാണ്.
രണ്ട് അപരാജിത ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ലോകകപ്പ് ഫൈനല്‍ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here