കൊട്ടിയം: മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം നിഷാദ് മന്‍സിലില്‍ നിസാമുദ്ദീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4.30ന് ഇരവിപുരത്താണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഇരവിപുരം പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പുനലൂര്‍: പുനലൂര്‍ കേളങ്കാവ് ആര്‍.പി.എല്‍ ഗേറ്റിന് സമീപം ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ പത്തൊന്‍പതുകാരനായ യുവാവ് മരണപ്പെട്ടു. മണിയാര്‍ എരിച്ചക്കല്‍ കിഴക്കേവിള വീട്ടില്‍ വര്‍ഗീസ് സാമൂവേല്‍ (മോനച്ചന്‍)-ഏലിയമ്മ വര്‍ഗീസ് (ഷീബ)ദമ്പതികളുടെ മകന്‍ അശ്വിന്‍ (19) ആണ് മരിച്ചത്. തിരുവനന്തപുരത്തെ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.
Also Read:
വിളക്കുപാറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം കോട്ടേഴ്‌സിന് മുന്നിലെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തുള്ള അശ്വിന്റെ പിതാവ് മോനച്ചന്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.
ഹണിമൂണ്‍ യാത്രയ്ക്ക് ഭര്‍ത്താവ് കുടുംബത്തെ കൂടെ കൂട്ടി; ഭാര്യ വിവാഹമോചനത്തിന്!
മീററ്റ്: വിവാഹം കഴിഞ്ഞാലുടന്‍ പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കുന്നതിനും അടുത്തിടപഴകുന്നതിനുമാണ് സാധാരണ ഹണിമൂണ്‍ യാത്ര നടത്തുന്നത്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള ഒരു ലോകമായിരിക്കുമത്. എന്നാല്‍, മീററ്റില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്ത സിനിമാ കഥകളെ വെല്ലും. മീററ്റില്‍ നിന്നുള്ള നവദമ്പതികള്‍ ഹണിമൂണിന് പോയിട്ട് തിരികെ എത്തിയപ്പോഴേക്കും ഭാര്യ വിവാഹമോചനത്തിന് കേസുകൊടുത്തു. കാരണം, ഹണിമൂണിന് ഭര്‍ത്താവ് മാത്രമല്ല , കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു ഹണിമൂണ്‍ വലിയൊരു കുടുംബയാത്രയായി മാറിയതോടെ വധു കടുത്ത അതൃപ്തിയിലായി. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ കുടുംബ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ വരെ എത്തി നില്‍ക്കുകയാണ്.
വിവാഹശേഷം ഭര്‍ത്താവുമൊത്ത് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാനും പരസ്പരം മനസ്സിലാക്കാനും താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, യാത്രയിലുടനീളം ഭര്‍തൃമാതാവും പിതാവും നാത്തൂനുമെല്ലാം ഒപ്പമുണ്ടായിരുന്നതിനാല്‍ തനിക്ക് ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ല എന്നും യുവതി കൗണ്‍സിലര്‍മാരോട് പറഞ്ഞു.
ആദ്യം ഹണിമൂണ്‍ യാത്രയില്‍ ഭര്‍ത്താവ് എല്ലാവരെയും കൂട്ടി നൈനിറ്റാളിലേക്കാണ് പോയത്. അവിടെ വെച്ചുണ്ടായ അതൃപ്തികള്‍ക്കിടയില്‍, ദമ്പതികള്‍ക്കിടയിലെ അകല്‍ച്ച മാറ്റാന്‍ രണ്ടാമതൊരു ദുബായ് യാത്രയ്ക്ക് പ്ലാന്‍ ചെയ്തപ്പോള്‍, അവിടെയും മുഴുവന്‍ കുടുംബത്തെയും കൊണ്ടുപോകുമെന്ന് ഭര്‍ത്താവ് നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതി പരസ്യമായി രംഗത്തെത്തിയതും നിയമനടപടികളിലേക്ക് നീങ്ങിയതും.
സിംഗപ്പൂരില്‍ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ച ഭര്‍ത്താവിന്റെ വാദം തികച്ചും വ്യത്യസ്തമാണ്. തന്റെ കുടുംബത്തിലുള്ള എല്ലാവരും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അവരെയും യാത്രയില്‍ ഒപ്പം കൂട്ടിയതെന്നാണ് ഇയാള്‍ കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ പറയുന്നത്. ഇതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും ഭാര്യയെ വിഷമിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യുവാവ് വാശിപിടിക്കുന്നു.
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ താമസിക്കുന്ന യുവാവും മീററ്റ് സ്വദേശിനിയായ ബിരുദധാരിയും തമ്മിലുള്ള വിവാഹം നടന്നത്. മധുവിധു യാത്രയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ മൂന്ന് റൗണ്ട് കൗണ്‍സിലിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
തങ്ങളുടെ ഭാഗമാണ് ശരിയെന്ന നിലപാടില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുകയാണ്. ഭര്‍ത്താവ് സ്വകാര്യതയെ മാനിക്കുന്നില്ലെന്ന് ഭാര്യയും, കുടുംബത്തെ സ്‌നേഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഭര്‍ത്താവും ചോദിക്കുന്നു.
റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍
പാലക്കാട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷത്തോളം രൂപ തട്ടിയയെടുത്ത യുവതിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശിനിയായ 46 വയസുകാരി പ്രിന്‍സിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ ജീവനക്കാരനായിരുന്ന വ്യക്തിയില്‍ നിന്ന് പല ഘട്ടങ്ങളിലായി മൊബൈല്‍ ഫോണുകളും തുണിത്തരങ്ങളും ഉള്‍പ്പെടെ 20 ലക്ഷത്തോളം രൂപ അപഹരിച്ചതായിട്ടാണ് പരാതി. സൗഹൃദത്തിലൂടെ പണവും മൊബൈലും ആദ്യം കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയുമായിരുന്നു. ഇരകളുടെ കൂട്ടത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും സംശയമുണ്ട്.
Also Read:
പാലക്കാട് ഒറ്റപ്പാലം, ലക്കിടി സ്വദേശിയായ റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് അറസ്റ്റ്. 2006 ല്‍ ഒറ്റപ്പാലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് യുവതിയെ പരിചയപ്പെടുന്നത്. ആ പരിചയം വളര്‍ന്നു. പിന്നീട് സൗഹൃദം മുതലെടുത്ത് യുവതി ഉദ്യോഗസ്ഥനില്‍ നിന്നും പണവും മൊബൈലും കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഭീഷണി ആരംഭിച്ചു. ബന്ധം പുറത്ത് പറയുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷം രൂപയോളം പലസമയങ്ങളിലായി കൈക്കലാക്കി. കേരള ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥന്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പയും എടുത്തു നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരും യുവതിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിന് പിന്നാലെ യുവതിക്കെതിരെ വീണ്ടും പരാതികളെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പേടിയും ഭീഷണിയും മൂലമാണ് പലരും പുറത്ത് പറയാതിരുന്നത്. യുവതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മില്‍തര്‍ക്കം, കോവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
ശാസ്താംകോട്ട. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ഷോപ് നടത്തുന്ന കോവൂര്‍ രേഷ്മാഭവനില്‍ ഷിബു(40)വിനെയാണ് അയല്‍ വാസിയും സുഹൃത്തുമായ വലിയവിള ഉന്മേഷ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഉന്മേഷിന്‍റെ വീടിനടുത്തിരുന്ന് മദ്യപിച്ച് വഴക്കിട്ട് കുത്തിയതായാണ് വിവരം.

പുളിക്കമുക്ക്ഭാഗത്താണ് സംഘര്‍ഷമുണ്ടായത്. പ്രതി പിക് അപ് ഓട്ടോ ഡ്രൈവറാണ്. നേരത്തേയും കുത്ത് കേസില്‍പെട്ടിട്ടുണ്ട്. കുത്തേറ്റ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമായി.
രതികയാണ് ഷിബുവിന്‍റെ ഭാര്യ. മക്കള്‍. ഷിജിൻ,രേഷ്മ
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സൗജന്യ ‘O’ ലെവൽ കമ്പ്യൂട്ടർ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട: നാഷണൽ കരിയർ സർവീസ് സെന്റർ (NCSC) തിരുവനന്തപുരം, (NIELIT) കോഴിക്കോട് മുഖേന കെൽട്രോൺ നോളജ് സെന്ററുകളിലൂടെ പട്ടികജാതി-പട്ടികവർഗ്ഗ (SC/ST) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സ് (‘O’ Level Computer Course) സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗിന്റെ മൂന്ന്, നാല് നിലയിൽ പ്രവർത്തിക്കുന്ന നോളജ് സെന്ററിലാണ് ഈ കോഴ്സ് നടത്തുന്നത്.
പ്ലസ് ടു യോഗ്യതയുള്ള, 18 നും 30 നും മധ്യേ പ്രായമുള്ള, വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളതുമായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഈ സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്നതിനായി എസ്.എസ്.എൽ.സി, പ്ലസ് ടു, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം 2026 ജൂൺ 27-നകം ശാസ്താംകോട്ട ഇലഞ്ഞിവേലിൽ പ്ലാസ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ 9995898444 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡി.ബി കോളേജിൽ 17 ബിരുദ പ്രോഗ്രാമുകളിലേക്കും ഏഴ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു
ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.കേരള സർവ്വകലാശാലയുടെ കീഴിലുള്ള 17 ബിരുദ (യുജി) പ്രോഗ്രാമുകളിലേക്കും 7 ബിരുദാനന്തര ബിരുദ (പി.ജി) പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം നലകുന്നത്.ബിരുദ പ്രോഗ്രാമുകളിൽ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്കൃതം, പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്സ്,ഹിസ്റ്ററി എന്നിവയിൽ ബി.എ (ഓണേഴ്‌സ്),ഫിസിക്സ്,മാത്തമാറ്റിക്സ്,കെമിസ്ട്രി,സുവോളജി,ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്,പോളിമർ കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി (ഓണേഴ്‌സ്), സഹകരണത്തിൽ ബി.കോം. (ഓണേഴ്‌സ്),സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്,ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് എന്നിവയിൽ ബി.വോക്. പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്നു.
ഇംഗ്ലീഷ്,സംസ്‌കൃതം,ഇക്കണോമിക്‌സ് എന്നിവയിൽ എം.എ,ഫിസിക്സ്,മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയിൽ എം.എസ്.സി, അക്കൗണ്ടിംഗ്,ഫിനാൻസിൽ എം.കോം. എന്നിവയാണ് ബിരുദാനന്തര പ്രോഗ്രാമുകൾ.ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കേരള സർവകലാശാല പ്രവേശന പോർട്ടൽ (https://admissions.keralauniversity.ac.in/fyugp2026/) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.കോളേജിൽ പ്രവേശനം നേടാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നതിന്, അപേക്ഷകർ കെ.എസ്.എം ദേവസ്വം ബോർഡ് കോളേജും ഇഷ്ടപ്പെട്ട പ്രോഗ്രാമും ആദ്യ മുൻഗണനയായി തിരഞ്ഞെടുക്കണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ്. അനിൽ കുമാർ പറഞ്ഞു.കേരള സർവകലാശാല പ്രവേശന പോർട്ടൽ വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14 ആണ്.
മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കോളേജ് വെബ്‌സൈറ്റിൽ (https://www.ksmdbc.ac.in/admission2026) ലഭ്യമായ ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാം.അല്ലെങ്കിൽ കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷിക്കാം.പ്രവേശനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് പ്രവേശന കമ്മിറ്റി കൺവീനർ ഡോ.അനന്ത് കുമാർ ആർ.ടിയെ 9847572822 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹയർസെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്
ശാസ്‌താംകോട്ട:മുതുപിലാക്കാട് ഡോ.സി.റ്റി ഈപ്പൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ബോട്ടണി,(ജൂനിയർ) മാത്‌സ് വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 10ന് ഇൻ്റർവ്യൂവിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പെൻഷൻകാരുടെ ആരോഗ്യ ചികിത്സാപദ്ധതി പൂർണമായും സൗജന്യ മാക്കണം,പെൻഷനേഴ്സ് അസോസിയേഷൻ
ശാസ്താംകോട്ട:സർവീസ് പെൻഷൻകാർക്കുള്ള ആരോഗ്യ ചികിത്സാ പദ്ധതി പൂർണമായും സൗജന്യമക്കണമെന്നും,പെൻഷൻ പ്രായം ഉയർത്താനുള്ള ബഡ്ജറ്റ് നിർദേശം ഒഴിവാക്കണമെന്നും സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൻ.സോമൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർത്തിയിൽ അൻസാരി,ഡി.ബാബുരാജൻ,ജോൺ മത്തായി,ലീലാമണി,നിയോജകമണ്ഡലം സെക്രട്ടറി എം ഐ നാസർ ഷാ,ട്രഷറർ സന്തോഷ് കുമാർ,വനിതാഫോറം പ്രസിഡന്റ് അസൂറ അർത്തിയിൽ,നേതാക്കളായ ആയിക്കുന്നം സുരേഷ്,മുഹമ്മദ് ഹനീഫ,കെ.സാവിത്രി,എം ജോർജ്,രാധാകൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ,ടി.എ സുരേഷ് കുമാർ,രാജിവ് കുമാർ,വി.പ്രകാശ്,കെ.രാജേന്ദ്രൻ, അശോകൻ മൺട്രോ,കെ.ബാബു, അമ്പുജാക്ഷിപിള്ള,പുത്തൻമഠം സുരേഷ്,രാജൻ പിള്ള,സത്യൻ,നെൽസൺ എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം ഏകദിന ശില്പശാല ജൂൺ 30ന് ചക്കുവള്ളി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് നേതൃയോഗം തീരുമാനിച്ചു
ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം,റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെ,നടി റിനി
കൊച്ചി: തനിക്കെതിരെ സൈബറിടങ്ങളില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്ജ്. മരണ സ്ഥലത്ത് പോയാല്‍ പരിചയം ഉള്ള ആളുകളെ കണ്ടാല്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാല്‍ ഡബിള്‍ ഓക്കെയാണെന്നും കൂടെ നിന്ന് സെല്‍ഫിയും റീലും എടുക്കുമെന്നും റിനി പറയുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചര്‍ച്ച. അദ്ദേഹത്തിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജ് എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവര്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതോടെ മരണവീട്ടില്‍ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാന്‍ വന്നതാണെന്നും മരണവീട്ടില്‍ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്. അവസരങ്ങള്‍ക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലര്‍ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബര്‍ അധിക്ഷേപങ്ങള്‍ക്കാണ് റിനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകള്‍ നിറയുന്നുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
‘ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്…വളരെ ചെറിയ, ആര്‍ക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങള്‍ പോലും ചിലര്‍ക്ക് വലിയ പ്രശ്‌നം ആണ്…മഹാ അപരാധം ആണ്… ഉദാഹരണത്തിന് കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുക തുടങ്ങിയവ… എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ… കൂടെ നിന്ന് സെല്‍ഫി എടുക്കല്‍, റീല്‍സ് എടുക്കല്‍ അങ്ങനെ പലതും കാണാം…നാടകമേ ഉലകം…’





































