മീററ്റ്: വിവാഹം കഴിഞ്ഞാലുടന്‍ പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കുന്നതിനും അടുത്തിടപഴകുന്നതിനുമാണ് സാധാരണ ഹണിമൂണ്‍ യാത്ര നടത്തുന്നത്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള ഒരു ലോകമായിരിക്കുമത്. എന്നാല്‍, മീററ്റില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്ത സിനിമാ കഥകളെ വെല്ലും. മീററ്റില്‍ നിന്നുള്ള നവദമ്പതികള്‍ ഹണിമൂണിന് പോയിട്ട് തിരികെ എത്തിയപ്പോഴേക്കും ഭാര്യ വിവാഹമോചനത്തിന് കേസുകൊടുത്തു. കാരണം, ഹണിമൂണിന് ഭര്‍ത്താവ് മാത്രമല്ല , കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു ഹണിമൂണ്‍ വലിയൊരു കുടുംബയാത്രയായി മാറിയതോടെ വധു കടുത്ത അതൃപ്തിയിലായി. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ കുടുംബ കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ വരെ എത്തി നില്‍ക്കുകയാണ്.
വിവാഹശേഷം ഭര്‍ത്താവുമൊത്ത് സ്വകാര്യ നിമിഷങ്ങള്‍ പങ്കിടാനും പരസ്പരം മനസ്സിലാക്കാനും താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, യാത്രയിലുടനീളം ഭര്‍തൃമാതാവും പിതാവും നാത്തൂനുമെല്ലാം ഒപ്പമുണ്ടായിരുന്നതിനാല്‍ തനിക്ക് ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ല എന്നും യുവതി കൗണ്‍സിലര്‍മാരോട് പറഞ്ഞു.
ആദ്യം ഹണിമൂണ്‍ യാത്രയില്‍ ഭര്‍ത്താവ് എല്ലാവരെയും കൂട്ടി നൈനിറ്റാളിലേക്കാണ് പോയത്. അവിടെ വെച്ചുണ്ടായ അതൃപ്തികള്‍ക്കിടയില്‍, ദമ്പതികള്‍ക്കിടയിലെ അകല്‍ച്ച മാറ്റാന്‍ രണ്ടാമതൊരു ദുബായ് യാത്രയ്ക്ക് പ്ലാന്‍ ചെയ്തപ്പോള്‍, അവിടെയും മുഴുവന്‍ കുടുംബത്തെയും കൊണ്ടുപോകുമെന്ന് ഭര്‍ത്താവ് നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതി പരസ്യമായി രംഗത്തെത്തിയതും നിയമനടപടികളിലേക്ക് നീങ്ങിയതും.
സിംഗപ്പൂരില്‍ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠിച്ച ഭര്‍ത്താവിന്റെ വാദം തികച്ചും വ്യത്യസ്തമാണ്. തന്റെ കുടുംബത്തിലുള്ള എല്ലാവരും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അവരെയും യാത്രയില്‍ ഒപ്പം കൂട്ടിയതെന്നാണ് ഇയാള്‍ കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ പറയുന്നത്. ഇതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും ഭാര്യയെ വിഷമിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യുവാവ് വാശിപിടിക്കുന്നു.
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ താമസിക്കുന്ന യുവാവും മീററ്റ് സ്വദേശിനിയായ ബിരുദധാരിയും തമ്മിലുള്ള വിവാഹം നടന്നത്. മധുവിധു യാത്രയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ മൂന്ന് റൗണ്ട് കൗണ്‍സിലിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
തങ്ങളുടെ ഭാഗമാണ് ശരിയെന്ന നിലപാടില്‍ ഇരുപക്ഷവും ഉറച്ചുനില്‍ക്കുകയാണ്. ഭര്‍ത്താവ് സ്വകാര്യതയെ മാനിക്കുന്നില്ലെന്ന് ഭാര്യയും, കുടുംബത്തെ സ്‌നേഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഭര്‍ത്താവും ചോദിക്കുന്നു.





























