26.8 C
Kollam
Wednesday 16th September, 2026 | 02:34:25 AM
Home News Breaking News റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

പാലക്കാട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി 20 ലക്ഷത്തോളം രൂപ തട്ടിയയെടുത്ത യുവതിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശിനിയായ 46 വയസുകാരി പ്രിന്‍സിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ ജീവനക്കാരനായിരുന്ന വ്യക്തിയില്‍ നിന്ന് പല ഘട്ടങ്ങളിലായി മൊബൈല്‍ ഫോണുകളും തുണിത്തരങ്ങളും ഉള്‍പ്പെടെ 20 ലക്ഷത്തോളം രൂപ അപഹരിച്ചതായിട്ടാണ് പരാതി. സൗഹൃദത്തിലൂടെ പണവും മൊബൈലും ആദ്യം കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയുമായിരുന്നു. ഇരകളുടെ കൂട്ടത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും സംശയമുണ്ട്.

Also Read:


പാലക്കാട് ഒറ്റപ്പാലം, ലക്കിടി സ്വദേശിയായ റിട്ടയര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് അറസ്റ്റ്. 2006 ല്‍ ഒറ്റപ്പാലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് യുവതിയെ പരിചയപ്പെടുന്നത്. ആ പരിചയം വളര്‍ന്നു. പിന്നീട് സൗഹൃദം മുതലെടുത്ത് യുവതി ഉദ്യോഗസ്ഥനില്‍ നിന്നും പണവും മൊബൈലും കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഭീഷണി ആരംഭിച്ചു. ബന്ധം പുറത്ത് പറയുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷം രൂപയോളം പലസമയങ്ങളിലായി കൈക്കലാക്കി. കേരള ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥന്‍ അഞ്ച് ലക്ഷം രൂപയുടെ വായ്പയും എടുത്തു നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരും യുവതിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിന് പിന്നാലെ യുവതിക്കെതിരെ വീണ്ടും പരാതികളെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പേടിയും ഭീഷണിയും മൂലമാണ് പലരും പുറത്ത് പറയാതിരുന്നത്. യുവതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.