കോഴിക്കോട്: പിഡബ്ല്യൂഡി കോണ്‍ട്രാക്ടറില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ബില്‍ പാസാക്കുന്നതിനായിട്ടാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ നവീന്‍ രവിയെ (47) ആണ് വിജിലന്‍സ് സംഘം പിടികൂടിയത്.
Also Read:
പിഡബ്ല്യൂഡി കോണ്‍ട്രാക്ട് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരന്‍ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വര്‍ക്കുകളുടെ കരാറുകള്‍ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളില്‍ കരാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച രണ്ട് റോഡ് വര്‍ക്കുകളുടെ ബില്ലുകള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഷര്‍മെന്റ് പൂര്‍ത്തിയാക്കി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്വെയര്‍ വഴിയും നേരിട്ടും അയച്ചിരുന്നു.
രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പെന്റിംഗ് ആയി കിടന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തി ഓവര്‍സിയര്‍ നവീന്‍ രവിയെ നേരില്‍ കണ്ട് വിവരം തിരക്കി. തുടര്‍ന്ന് ബില്‍ പെട്ടെന്ന് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ നവീന്‍, 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ചെവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പരാതിക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വച്ചാണ് നവീന്‍ രവിയെ വിജിലന്‍സ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.





























