കൽപ്പറ്റ: പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷികമേഖലയ്ക്ക് തീരാനഷ്ടമാണ്. വയനാടിന്റെ കാർഷികപ്പെരുമ ലോകത്തെ അറിയിച്ച ആദിവാസി കർഷകനാണ് അദ്ദേഹം.
വയനാട്ടിലെ മാനന്തവാടിക്കടുത്ത് കമ്മനയിലെ ചെറുവയൽ ഗ്രാമത്തിൽ 1952 ജൂൺ 6നാണ് ജനനം. രണ്ടാംവയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കമ്മന നവോദയ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ചു. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969ൽ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു.
പാരമ്പര്യമായി ലഭിച്ച അഞ്ച് ഏക്കര് വയലില് 45 ഇനം നെല്വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. നെല്വിത്തുകള് കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും ഇദ്ദേഹം സംരക്ഷിച്ചു. രാമന്റെ കൃഷിയറിവുകൾ തേടി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധിപേർ എത്താറുണ്ട്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിൽ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. പരമ്പരാഗത വിത്തുകളുടെ കാവൽക്കാരനായ ഇദ്ദേഹം ‘നെല്ലച്ഛൻ’ എന്നും അറിയപ്പെട്ടു.
2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. ഈ മേഖലയിലെ സംഭാവനയ്ക്ക് 2023 റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2025ൽ സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി ചെറുവയൽ രാമന് നൽകി. 2026ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിനും അര്ഹനായി. നിരവധി വിദ്യാർഥികളും ഗവേഷകരും കർഷകരും നിത്യേന ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നുണ്ട്.
കൃഷിയോടൊപ്പം നാടിനെയും സേവിച്ചു. സിപിഐ എം നല്ലൂർനാട് ലോക്കൽകമ്മിറ്റിയംഗവും കമ്മന ബ്രാഞ്ച് സെക്രട്ടറിയുമായും പ്രവർത്തിച്ചിരുന്നു. നല്ലൂർനാട് സർവീസ് സഹകരണബാങ്ക് ഡയറക്ടർ, എടവക പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു.
അസുഖത്തെതുടർന്ന് ബുധൻ വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ഗീതയാണ് ഭാര്യ. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.
































