തിരുവനന്തപുരം: വയനാടിന്റെ മണ്ണില് തലമുറകളുടെ ഓര്മ്മകള്ക്ക് കാവല് നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല് വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയല് രാമന് യാഥാര്ത്ഥത്തില് കാര്ഷിക പൈതൃകത്തിന്റെ കാവല്ക്കാരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകര്ന്നു നല്കിയ ആ ജീവിതം എക്കാലവും ഓര്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
യുഡിഎഫ് സര്ക്കാര് അധികാരം ഏറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരം ചെറുവയല് രാമന് സമ്മാനിക്കാന് കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില് നിലനിര്ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ അന്ത്യം സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. 74ാം വയസിലാണ് അന്ത്യം. വിട പറയുന്നത് അൻപതിലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കർഷകർക്ക് പ്രചോദനമായ വ്യക്തിത്വമാണ്. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 52 ലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്ത് കേരളത്തിലെ മറ്റു കർഷകർക്ക് പ്രചോദനമായി മാറിയിട്ടുണ്ട് ഈ ജൈവ മനുഷ്യൻ.



























