26.7 C
Kollam
Wednesday 14th October, 2026 | 10:33:57 AM
Home News Breaking News നാലാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം; മോഡൽ ശ്രദ്ധ ദുബെയ്ക്കായി തിരച്ചിൽ ഊർജ്ജിതം..കണ്ടെത്താൻ സഹായിക്കുന്നവർക്ക്...

നാലാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം; മോഡൽ ശ്രദ്ധ ദുബെയ്ക്കായി തിരച്ചിൽ ഊർജ്ജിതം..കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം

ലഖ്‌നൗ: ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബെയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. 27കാരനായ കഫേ ഉടമ ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധ ദുബെയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഒളിവിലുള്ള ശ്രദ്ധ ദുബെയെയും സഹോദരിയെയും ഡ്രൈവറെയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. പ്രതികളെ പിടികൂടാൻ ആറ് പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ഒക്ടോബർ ഒമ്പതിനാണ് ലഖ്‌നൗവിലെ അവധ് ഗ്രീൻ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ് ശിവ ശർമ മരിച്ചത്. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ യുവാവിനെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം കെട്ടിടത്തിൽനിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം വഴിത്തിരിവിലെത്തി.

ശിവ ശർമയുടെ ലിവിങ് ടുഗെദർ പങ്കാളിയായിരുന്നു ശ്രദ്ധ ദുബെ. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്രദ്ധ ദുബെ, സഹോദരി, ഡ്രൈവർ എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

മകനെ തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചശേഷം കെട്ടിടത്തിൽനിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് ശിവ ശർമയുടെ അമ്മ രഞ്ജന ശർമ ആരോപിച്ചു. മകന്റെ താടിയെല്ലിനും കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും വാരിയെല്ലുകൾക്കും കാലിനും പൊട്ടലുകളുണ്ടായിരുന്നുവെന്നും ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന്റെയും നഖംകൊണ്ട് മാന്തിയതിന്റെയും പാടുകളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ നാലഞ്ചു മാസമായി ശ്രദ്ധ ദുബെ മകനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തിനു പുറമേ കള്ളക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് ശ്രദ്ധ തങ്ങളുടെ കടയിലെത്തി ശിവയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും രഞ്ജന ശർമ ആരോപിച്ചു.

മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കേസിലെ പ്രതികളുടെ പങ്കും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനാണ് നിലവിൽ പ്രത്യേക സംഘങ്ങൾ മുൻഗണന നൽകുന്നത്.

ഫാഷൻ മോഡലിങ് രംഗത്തും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയാണ് ശ്രദ്ധ ദുബെ. ഹൈദരാബാദിൽ ഫാഷൻ ബ്ലോഗിങ്ങിലും മോഡലിങ്ങിലും സജീവമായിരുന്ന അവർ പിന്നീട് ലഖ്‌നൗവിൽ പ്രവർത്തനം ആരംഭിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 1.41 ലക്ഷം ഫോളോവേഴ്‌സുള്ള ശ്രദ്ധയുടെ പോസ്റ്റുകളിൽ ഭൂരിഭാഗവും ഫാഷനും ജീവിതശൈലിയുമായി ബന്ധപ്പെട്ടവയാണ്. 2019 ഫെബ്രുവരിയിൽ സീ മ്യൂസിക് കമ്പനി പുറത്തിറക്കിയ സംഗീത വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മോഡൽ കൊലക്കേസിൽ പ്രതിയായതോടെ സംഭവം ചർച്ചയായിരിക്കുകയാണ്. ശിവ ശർമയുടെ മരണത്തിലെ ദുരൂഹത നീക്കാനും ഒളിവിലുള്ള പ്രതികളെ പിടികൂടാനുമുള്ള അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here