കൊച്ചി: വിവാഹിതയായ മകളാണെന്ന കാരണത്താല്‍ മാത്രം ആശ്രിത നിയമനത്തിനുള്ള അപേക്ഷ നിരസിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷ തള്ളിയ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിവാഹിതയാണെന്നതും പിതാവിനെ സാമ്പത്തികമായി പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്നതുമായിരുന്നു അപേക്ഷ നിരസിക്കാന്‍ കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡൈയിങ് ഇന്‍ ഹാര്‍നെസ് (Dying-in-Harness) പദ്ധതിപ്രകാരം നിയമനം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനി ഷമല്യ ഉല്ലാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കമ്പനിയില്‍ സബ് സ്റ്റാഫായി ജോലി ചെയ്തിരുന്ന പരേതനായ ഉല്ലാസ് കുമാര്‍ എംസിയുടെ മകളാണ് ഷമല്യ. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിനായി അപേക്ഷ നല്‍കിയെങ്കിലും വിവാഹിതയാണെന്നും പിതാവിനെ പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി അപേക്ഷ നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് ഷമല്യയുടെ അമ്മയും പദ്ധതിപ്രകാരം ജോലിക്കായി അപേക്ഷ നല്‍കി. പിന്നീട് മകനായ ഷമല്യയുടെ സഹോദരനെ നിയമനത്തിനായി പരിഗണിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. സഹോദരന് കമ്പനി നിയമനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ന്യൂസിലന്‍ഡില്‍ ജോലി ചെയ്ത് സാമ്പത്തികമായി സ്വയംപര്യാപ്തനായതിനാല്‍ നിയമനം സ്വീകരിക്കാന്‍ സഹോദരന്‍ താല്‍പര്യം കാണിച്ചില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവില്‍ അമ്മയെ സംരക്ഷിക്കുന്നത് താനാണെന്ന് ഷമല്യ കോടതിയെ അറിയിച്ചു.
വിവാഹിതയായ മകളാണെന്ന കാരണത്താലും പിതാവിനെ പൂര്‍ണമായും ആശ്രയിച്ചിരുന്നില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ് തന്റെ അപേക്ഷ നിരസിച്ചതെന്ന് ഷമല്യയുടെ അഭിഭാഷകന്‍ ടിപി സാജിദ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ആശ്രിത നിയമന പദ്ധതിയില്‍നിന്ന് വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവാഹിതയാണെന്ന കാരണത്താല്‍ മാത്രം മകള്‍ക്ക് ആശ്രിത നിയമനത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നായിരുന്നു വാദം. സുപ്രീംകോടതിയുടെ സയാറ ഖാത്തൂന്‍ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ ഷമല്യയുടെ അപേക്ഷ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
























