ശബരിമല: മണ്ഡലകാലം ആരംഭിച്ച് പതിനാലാം ദിവസമായ ഇന്നലെ ശബരിമലയിൽ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തി. അവധി ദിനത്തിലെ പതിവ് തിരക്കിനൊപ്പം എൺപതിനായിരത്തിലേറെ സ്വാമിമാരാണ് സന്നിധാനത്തെത്തിയത്. വെർച്വൽ ക്യൂ വഴി 66,000 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തിലേറെ പേരും ദർശനം നടത്തി. ഇന്നും മലയാളികൾ ഉൾപ്പെടെ കൂടുതൽ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.
സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ വഴി പരമാവധി ഭക്തർക്ക് ദർശനാനുമതി നൽകണമെന്നാണ് പൊലീസിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിർദേശം. കഴിഞ്ഞദിവസം നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി എത്തിയ എല്ലാവർക്കും ദർശനാനുമതി നൽകിയിരുന്നു.
അതേസമയം, മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ ഭക്തർക്കും അവസരമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. പ്രതിദിന ദർശനനിയന്ത്രണങ്ങളുടെ പേരിൽ തീർഥാടകരെ മടക്കി അയക്കില്ല. എത്തുന്ന എല്ലാവർക്കും സ്പോട്ട് ബുക്കിങ് സൗകര്യത്തിലൂടെ ദർശനത്തിന് അനുമതി നൽകാനാണ് തീരുമാനം.
വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായെന്നും സ്പോട്ട് ബുക്കിങ്ങിനും സാധ്യതയില്ലെന്നും കരുതി ദർശനത്തിനെത്താൻ മടിക്കുന്ന ഭക്തർക്കാണ് ബോർഡിന്റെ ഉറപ്പ്. നിശ്ചയിച്ച ദിവസം തന്നെ ദർശനത്തിനെത്താമെന്നും എത്ര തിരക്കുണ്ടെങ്കിലും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുമെന്നും ബോർഡ് അറിയിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തേ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഭക്തർക്ക് തടസ്സമാകില്ലെന്നാണ് വിശദീകരണം.
ശബരിമലയിലെ സുരക്ഷിത തീർഥാടനവും ദർശന സൗകര്യങ്ങളും വ്യക്തമാക്കിക്കൊണ്ട് ഇതര സംസ്ഥാനങ്ങളിലെ ഭക്തരിലേക്ക് പ്രത്യേക സന്ദേശമെത്തിക്കാനും ബോർഡ് നടപടി തുടങ്ങി. ഇതിനായി പ്രത്യേക വീഡിയോ തയാറാക്കും. ഇത്തവണ ദർശനം നടത്തിയ തീർഥാടകരുടെ അനുഭവങ്ങളും ശബരിമലയിലെ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തും.
ആദ്യഘട്ടത്തിലുണ്ടായ ആശയക്കുഴപ്പം മാറി തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്നത് വരും ദിവസങ്ങളിൽ സന്നിധാനത്തെ തിരക്ക് വീണ്ടും ഉയർത്തിയേക്കും. സുരക്ഷിത തീർഥാടനം ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ ഭക്തരെ ശബരിമലയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യവും പുതിയ പ്രചാരണത്തിന് പിന്നിലുണ്ട്.
ശബരിമലയിൽ ഇന്നലെ റെക്കോഡ് തിരക്ക്;വരുന്നവർക്കെല്ലാം ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ്
Advertisement
























