27 C
Kollam
Thursday 15th October, 2026 | 08:25:16 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 15

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 15

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി കേസെടുത്തു

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റര്‍ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിറകേയാണ് ഇഡി നടപടി. മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. വിജിലന്‍സ് എഫ്ഐആര്‍ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരായ പിണറായിയുടേയും മുഹമ്മദ് റിയാസിന്റേയും അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധി പറയാനിരിക്കേയാണു ഇഡി കേസെടുത്തത്.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേര് കേന്ദ്ര സർക്കാർ മാറ്റി

ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ‘പ്രധാനമന്ത്രി’ എന്ന പേര് ചേര്‍ത്തായിരിക്കും ഈ പദ്ധതികള്‍ ഇനി അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി, വയോജന പെന്‍ഷന്‍ പദ്ധതി, വിധവ പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പേരുകളാണ് ഇത്തരത്തില്‍ മാറ്റുന്നത്.

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്‍പതിലേറെ പൈതൃക നെല്‍വിത്തുകള്‍ സംരക്ഷിച്ച് കര്‍ഷകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ്.

2000 ചതുരശ്ര അടി വീടും എ.സിയുമുള്ളവർക്ക് ക്ഷേമ പെൻഷൻ ലഭിക്കില്ല: തദ്ദേശവകുപ്പ് ഉത്തരവ്

വീട്ടില്‍ എ.സി ഉണ്ടെങ്കിലും താമസിക്കുന്ന വീട് 2000 ചതുരശ്ര അടിയോ കൂടുതലോ ഉള്ളതാണെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവ്. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. അര്‍ഹതയില്ലാത്തവര്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം ഇന്നെത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍ ഒഴികെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ വടക്കന്‍ കേരളത്തിലും മഴ കനക്കും.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരായ സി.പി.ഐ ഹർജി കോടതി തള്ളി

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നല്‍കിയ ഹര്‍ജി കോടതി തള്ളി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഹര്‍ജി വിചാരണയ്ക്കുപോലും എടുക്കാതെയാണ് തള്ളിയത്. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷന്‍ കാര്‍ഡും തമ്മില്‍ പൊരുത്തമില്ലെന്ന് ആരോപിച്ചു സിപിഐ നേതാവ് മുരുകേഷ് നല്‍കിയ ഹര്‍ജിയാണു തള്ളിയത്.

നെടുമ്പാശേരി വാഹനാപകടം: മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിയായ 19 കാരന്‍ മദ്യപിച്ച മൂന്നു ബാറുകളുടെ ലൈസന്‍സ് സസ്പെന്റു ചെയ്തു. ദയ ബാര്‍ കടവന്ത്ര, മണ്‍സൂണ്‍ എംപ്രസ് പാലാരിവട്ടം, ഹോട്ടല്‍ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളുടെ ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്തത്.

സോളാർ ഗൂഢാലോചന കേസ്: ഉമ്മൻ ചാണ്ടിയുടെ മൊഴിയെക്കുറിച്ച് കെ. ബാബു കോടതിയിൽ

സോളാര്‍ ഗൂഢാലോചന കേസില്‍ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും സോളാര്‍ തട്ടിപ്പുകാരിയായ പരാതിക്കാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നതായി മുന്‍മന്ത്രി കെ. ബാബു കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ജർമ്മനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളി യുവാക്കൾ കൊല്ലപ്പെട്ടു

ജര്‍മ്മനിയില്‍ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിന്‍ ജോണി (26) എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളായ നോവ സാബു ജോലിക്കായി ആറു മാസം മുന്‍പാണ് ജര്‍മ്മനിയില്‍ എത്തിയത്. സിവിന്‍ ജോണി ഒരു മാസം മുന്‍പാണ് പഠനത്തിനായി ജര്‍മനിയിലെത്തിയത്. ഫ്ളാറ്റിന് തീയിട്ട റൊമാനിയന്‍ പൗരനെ അറസ്റ്റു ചെയ്തു.

രേഖകളില്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

രേഖകള്‍ ഇല്ലാത്ത 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. നേത്രാവതി എക്സ്പ്രസിലാണ് ഇവര്‍ എത്തിയത്.

കുണ്ടറയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം

കുണ്ടറയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാര്‍. വെള്ളിമണ്‍ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

ചിട്ടി തട്ടിപ്പ് കേസിൽ കോടികൾ കവർന്ന് ഒളിവിൽ കഴിഞ്ഞ സഹോദരങ്ങൾ പിടിയിൽ

കുത്തിയതോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ടിഎന്‍ടി ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉടമകളും സഹോദരങ്ങളുമായ നെല്‍സണ്‍ തോമസ് (50), ടെല്‍സണ്‍ തോമസ് (51) എന്നിവര്‍ പിടിയിലായി. അഞ്ഞൂറിലേറെ കേസുകളിലെ പ്രതികളാണിവര്‍.

സി.വി. ധനരാജ് വധക്കേസിൽ നവംബർ 25-ന് വിധി പറയും

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 25ന് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി വിധി പറയും. 21 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. ഇതില്‍ പന്ത്രണ്ടാം പ്രതി കൊല്ലപ്പെട്ടിരുന്നു. 2016 ജൂലൈ പതിനൊന്നിനാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സിവി ധനരാജിനെ വീട്ടില്‍ വെച്ച് വെട്ടിക്കൊന്നത്.

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി. ദിവസം ഒന്നര ലക്ഷത്തോളം ടിന്‍ അരവണ നിര്‍മ്മിക്കും. 20ന് ശേഷം ഇത് മൂന്നര ലക്ഷം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ആക്കുളത്ത് റോഡ് ഇടിഞ്ഞു: ഫ്ലാറ്റിലെ 65 കുടുംബങ്ങളെ ഒഴിപ്പിച്ചു

തിരുവനന്തപുരം ആക്കുളത്ത് ഗുഡ്ഷെപ്പേഡ് സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിനായി വന്‍തോതില്‍ മണ്ണെടുത്തതോടെ റോഡ് ഇടിഞ്ഞ് ഫ്ളാറ്റ് അപകടഭീഷണിയിലായി. ഫ്ലാറ്റില്‍ നിന്ന് 65 കുടുംബങ്ങളെ ഒഴിപ്പിച്ചു. സംരക്ഷണ ഭിത്തി പൂര്‍ത്തിയാകുന്നതു വരെ ഫ്ലാറ്റില്‍ താമസിക്കരുതെന്നാണ് കളക്ടര്‍ നിര്‍ദേശിച്ചു.

ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനം: അടൂരിൽ ജീവനക്കാരി കുഴഞ്ഞുവീണു

ആശുപത്രി സൂപ്രണ്ടിന്റെ മാനസിക പീഡനം മൂലം ജീവനക്കാരി കുഴഞ്ഞുവീണെന്നു പരാതി. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഓഡിയോളജിസ്റ്റായ ക്രിസ്റ്റീന ബിനോയ് ആണ് കുഴഞ്ഞുവീണത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രചനാ ചിദംബരത്തിനെതിരെ ക്രിസ്റ്റീന ആരോഗ്യ വകുപ്പിലെ ഉന്നതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് സംഭവം.

പള്ളുരുത്തി കൊലപാതകശ്രമ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ ഒളിവിലായിരുന്ന ആലപ്പുഴ ചേര്‍ത്തല അരൂര്‍ സ്വദേശി പി.എസ്. സന്ദീപ് (31) അറസ്റ്റിലായി. ഏപ്രില്‍ മാസത്തില്‍ ഇടകൊച്ചി സ്വദേശിയെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പിടിയിലായത്.

നിരോധിത മരുന്നുകളുമായി മലയാളി നഴ്സ് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

റിയാദില്‍ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനി ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തില്‍ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു.. നിരോധിച്ച മരുന്നുകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കാലിക്കടവ് എം.ഡി.എം.എ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാലിക്കടവ് എംഡിഎംഎ കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഹുസൈന്‍ ഉള്‍പ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കെ.പി. ശശികലയ്‌ക്കെതിരെ പൊലീസിൽ പരാതി

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി. നെടുമ്പാശ്ശേരിയില്‍ മരിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് പരാതിക്കാരന്‍.

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ആർ. ശ്രീലേഖ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആര്‍. ശ്രീലേഖ.

ചെറുവയൽ രാമന്റെ വിയോഗത്തിൽ നേതാക്കൾ അനുശോചിച്ചു

പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്റെ വിയോഗം കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാമന്റെ വിയോഗത്തില്‍ ടൂറിസം, സാംസ്‌കാരിക, വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും അനുശോചിച്ചു.

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരാൾ മരിച്ചു

മലപ്പുറത്ത് മലയോര മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളില്‍ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താര്‍ മരിച്ചു.

ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

ടാറിങ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. വണ്ണപ്പുറം മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാന്‍ (36) ആണ് മരിച്ചത്.

ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ഡല്‍ഹി പാര്‍ലമെന്റ്‌റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലേക്ക് മാറ്റി. മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അങ്കിത ഭണ്ഡാരി വധക്കേസ്: ഇന്ത്യാ ഗേറ്റിന് മുന്നിൽ രാഹുലും പ്രിയങ്കയും മിന്നൽ പ്രതിഷേധം നടത്തി

ഡല്‍ഹിയില്‍ വീണ്ടും മിന്നല്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന പത്തൊമ്പതുകാരി കൊല്ലപ്പെട്ട കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരേയാണ് ഇരവരും അങ്കിതയുടെ മാതാപിതാക്കളുടെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഇന്ത്യാ ഗേറ്റിന് മുന്നില്‍ എത്തിയത്. മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ 2022 സെപ്റ്റംബര്‍ 18നാണ് അങ്കിത കൊല്ലപ്പെട്ടത്.

എസ്.ഐ.ആറിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

എസ്.ഐ.ആറിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും. മല്ലികാര്‍ജുന്‍ ഖര്‍ഗെ, സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീര്‍, തോല്‍ തിരുമാവളവന്‍, സജാദ് അഹ്‌മദ് കിച്ച്‌ലു എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ട്രെയിൻ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഈ മാസം 27 മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കി സുപ്രീം കോടതി. ഓണ്‍ലൈനിലൂടെ നല്‍കുന്ന ടിക്കറ്റുകള്‍ക്കു മാത്രമല്ല റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ നല്‍കുന്ന ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി.

ജന്തർ മന്തർ പ്രതിഷേധത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ ഗാന്ധി

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുല്‍ ഗാന്ധി. വെടിയുണ്ടകളെ പേടിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഋതു എന്ന പെണ്‍കുട്ടിയാണ് രാഹുലിനൊപ്പമാണ് ഉണ്ടായിരുന്നത്. ആതിര എന്ന പെണ്‍കുട്ടിയുടെ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോക്രോച്ച് ജനതാ പാർട്ടി നാളെ സെൻട്രൽ പാർക്കിൽ പ്രതിഷേധിക്കും

ഡല്‍ഹി കൊണാട്ട് പ്ലേസിലെസെന്‍ട്രല്‍ പാര്‍ക്കില്‍ നാളെ വൈകുന്നേരം അഞ്ചിന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയപതാകയുമായി പ്രതിഷേധ സമരം നടത്തും. ജന്തര്‍ മന്ദറില്‍ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചതിനു ജയിലിലടച്ച നടപടിക്കെതിരെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയാണു പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത്.

മീററ്റ് ‘ബ്ലൂ ഡ്രം’ കൊലക്കേസ്: ഭാര്യയ്ക്കും കാമുകനും വധശിക്ഷ

മീററ്റിലെ ‘ബ്ലൂ ഡ്രം’ കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്‌കന്‍ റസ്തോഗി, കാമുകന്‍ സാഹില്‍ ശുക്ല എന്നിവര്‍ക്ക് മീറ്ററിലെ ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.

ഒഡീഷ ഗവർണറുടെ പ്രസ്താവന വിവാദത്തിൽ

ബിജെപിയെ ശക്തിപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന ഒഡിഷ ഗവര്‍ണറായി നിയമിതനായ ബ്രജ് മോഹന്‍ റാമിന്റെ പ്രസ്താവന വിവാദമായി. ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്തെത്തി.

ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിന്തരമായി ഇറക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി.

ഉല്ലാസ്നഗർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു

മുംബൈയ്ക്ക് സമീപം ഉല്ലാസ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹരീഷ് ഗജ്വാനി എന്നയാളാണ് കൊല്ലപ്പെട്ടത്.

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ലൈംഗിക പീഡനം: മന്ത്രവാദി അറസ്റ്റിൽ

ബാധ ഒഴിപ്പിക്കലെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദി സതീഷ് പാത്രിയെ കര്‍ണാടകയിലെ ചിക്കമംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്ക് പൊലീസ് നീക്കങ്ങള്‍ ചോര്‍ത്തിയ എന്‍.ആര്‍. പുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കാന്തീഷിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പീഡിപ്പിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.

ഒമാൻ ഉൾക്കടലിൽ ഇറാന്റെ ഉരു തകർത്തതായി അമേരിക്ക

ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ ബന്ധമുള്ള ഉരു തകര്‍ത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലില്‍ മുക്കിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്ഡ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്ഡ് പുറത്തുവിട്ടു.

യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗമായി കുവൈറ്റ് തിരഞ്ഞെടുക്കപ്പെട്ടു

ഐക്യരാഷ്ട്രസഭയുടെ 2027-2029 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗണ്‍സില്‍ അംഗമായി കുവൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന് പൊതുസഭയുടെ തെരഞ്ഞെടുപ്പിലാണ് ഈ അംഗീകാരം ലഭിച്ചത്.

31 രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ജീവനക്കാർക്ക് ഇസ്രായേലിന്റെ വിലക്ക്

ഫ്ളൈദുബായ് വിമാനത്തിലെ അക്രമ സംഭവത്തിന് പിന്നാലെ 31 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ജീവനക്കാര്‍ക്ക് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി. എയര്‍ ഫ്രാന്‍സും സമാനമായ വിലക്ക് നടപ്പാക്കുന്നു. പാകിസ്താന്‍, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരത്വമുള്ള പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനുമാണ് വിലക്ക്.

ലിയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരനും അർബുദ ചികിത്സയിൽ

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഹോദരനും അര്‍ബുദ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. മാര്‍പാപ്പയുടെ മൂത്തസഹോദരനായ ലൂയിസ് പ്രെവോസ്റ്റാണ് അര്‍ബുദരോഗത്തിന് ചികിത്സയില്‍ തുടരുന്നത്. മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്തെന്നും വത്തിക്കാന്‍ അറിയിച്ചതിന് പിറകേയാണ് സഹോദരന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റ ഇക്കാര്യം വെളിപ്പെടുത്തിയത്.

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഇറാനിൽ 23-കാരിക്ക് വധശിക്ഷ

ഇറാനില്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ പേരില്‍ 23 കാരിയായ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ വിധിച്ചു. നജ്മെ അമിനി എന്ന യുവതിക്കാണ് പ്രവാചകനിന്ദ ആരോപിച്ച് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചത്. ജനുവരിയില്‍ ഇറാനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയില്‍ നജ്മെ അമിനിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ ഇറാന്‍ സൈബര്‍ പോലീസ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20: ഇന്ത്യക്ക് തോൽവി

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 24 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 19.4 ഓവറില്‍ 223ന് ഓള്‍ ഔട്ടായി. മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി മിന്നുന്ന തുടക്കം നല്‍കിയിട്ടും ഇന്ത്യക്കു പിടിച്ചുനില്‍ക്കാനായില്ല. അവസാന ബാറ്ററായ അര്‍ഷ്ദീപ് സിംഗിന് അവസാന ഓവറില്‍ ബാറ്റിംഗിനിടെ ഷമാര്‍ ജോസഫിന്റെ പന്ത് കൊണ്ട് തോളിന് പരിക്കേറ്റതിനാല്‍ റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.

ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാൻ ബ്ലാക്ക്‌സ്റ്റോൺ

ഇന്ത്യയിലെ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനൊരുങ്ങി ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍. നിലവിലുള്ള 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ പുതിയ നിക്ഷേപങ്ങള്‍. കേരളത്തിലെ ഹോസ്പിറ്റല്‍, ഐടി മേഖലകളിലെ മുന്‍നിര കമ്പനികളില്‍ ബ്ലാക്‌സ്റ്റോണിന് നിക്ഷേപമുണ്ട്. ഇന്ത്യയിലെ ബ്ലാക്ക്സ്റ്റോണിന്റെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളിലും ബ്ലാക്ക്സ്റ്റോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഡാറ്റ സെന്ററുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, കംപ്യൂട്ടിംഗ് ശേഷി തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്: സൗണ്ട് സ്റ്റിക്കറും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും

ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കറുകള്‍ അയക്കുമ്പോള്‍ ശബ്ദവും ചേര്‍ക്കാന്‍ സാധിക്കുന്ന സൗണ്ട് സ്റ്റിക്കര്‍ ഫീച്ചര്‍ വികസിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചറിലൂടെ ചാറ്റില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റിക്കറുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ആവശ്യമുണ്ടെങ്കില്‍ ഒന്നിലധികം തവണയും ഇതിലൂടെ ശബ്ദം പ്ലേ ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിനുപുറമെ, നിശ്ചിത തീയതിയിലും സമയത്തും സന്ദേശങ്ങള്‍ അയക്കുന്നതിനായി ഷെഡ്യൂള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ടെക്സ്റ്റ് സന്ദേശങ്ങള്‍, ലിങ്കുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് അയക്കാന്‍ സാധിക്കും. 10 മിനിറ്റ് മുതല്‍ രണ്ട് ആഴ്ച വരെയുള്ള സമയം ഇതിനായി തെരഞ്ഞെടുക്കാം. ആപ്പ് ഓഫ്ലൈന്‍ ആയിരുന്നാല്‍ പോലും വാട്‌സാപ്പ് കൃത്യസമയത്ത് സന്ദേശം അയക്കും.

മലയാളി റാപ്പർ സ്റ്റിക്കിന്റെ ‘കിങ് മൂവ്സ്’ പുറത്തിറങ്ങി

കേരളത്തില്‍ നിന്നുള്ള റാപ്പറും ഗാനരചയിതാവുമായ സ്റ്റിക്കിന്റെ പുതിയ ഗാനം ‘കിങ് മൂവ്സ്’ ഡെഫ് ജാം ഇന്ത്യ പുറത്തിറക്കി. സ്റ്റിക്കിന്റെ സംഗീതയാത്രയിലെ പുതിയൊരു തുടക്കം കൂടിയാണ് ഈ ഗാനം. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഹിപ്-ഹോപ്പ് രംഗത്ത് സ്വന്തമായൊരു ഇടം സ്റ്റിക്ക് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ‘കിങ് മൂവ്സി’ലൂടെ ഡെഫ് ജാം ഇന്ത്യയിലെ തന്റെ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്റ്റിക്ക്. ‘ഇത് എന്റെ എഴുത്താണ്, എന്റെ വേരുകളാണ്, ഇവിടെ എത്താന്‍ ഞാന്‍ എടുത്ത എല്ലാ പരിശ്രമവുമാണ്. ഡെഫ് ജാം ഇന്ത്യയ്ക്കൊപ്പമുള്ള യാത്ര ഈ പാട്ടിലൂടെ തുടങ്ങുന്നത് അതിനെ കൂടുതല്‍ സ്പെഷ്യലാക്കുന്നു. ഈ പുതിയ അധ്യായം എന്നെ എവിടെ എത്തിക്കുമെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’.- സ്റ്റിക്ക് പറയുന്നു.

ക്യാമ്പസ് പ്രണയ ചിത്രം ‘പ്രേംപാറ്റ’ നവംബർ 27-ന് തിയേറ്ററുകളിലേക്ക്

കോളേജ് എന്‍.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബര്‍ 27 ന് തീയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡില്‍ നിന്നും വരുന്ന ക്യാമ്പസ് പ്രണയ ചിത്രമാണിത്. ജോമോന്‍ ജ്യോതിര്‍, സാഫ് ബോയ്, ജുനൈസ് വി.പി, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു, റയാന്‍ എന്‍.ടി.പി, സല്‍മാനുല്‍ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തില്‍. ഇവരെ കൂടാതെ നാല്‍പ്പതോളം പുതു യുവമുഖങ്ങളുമുണ്ട്. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവന്‍, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിന്‍ വിജയന്‍, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിര തന്നെയുണ്ട്. സംവിധാനം: ആമിര്‍ പള്ളിക്കല്‍. കഥ,തിരക്കഥ,സംഭാഷണം: ലിജീഷ് കുമാര്‍. സംഗീതം: അങ്കിത് മേനോന്‍. വരികള്‍: സുഹൈല്‍ എം കോയ, മുത്തു.

എം.ജി വിൻഡ്‌സർ ഇ.വി ഇindulge എഡിഷൻ വിപണിയിലെത്തി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ജനപ്രിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷന്‍ എന്ന നിലയില്‍ വിന്‍ഡ്‌സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷനാണ് വില്‍പ്പനയ്ക്ക് എത്തിയത്. 17.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വിന്‍ഡ്‌സര്‍ ഇവി വിപണിയില്‍ എത്തിയിട്ട് രണ്ടുവര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പുതിയ എഡിഷന്‍ പുറത്തിറക്കിയത്. നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ ഫീച്ചറുകളോടെയുമാണ് ഇത് അവതരിപ്പിച്ചത്. പുതിയ ഷാഡോ ഗോള്‍ഡ് കളര്‍ ഓപ്ഷനില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ആയി 38 കിലോവാട്ട്അവര്‍ ബാറ്ററി പതിപ്പിലാണ് ഇന്‍ഡല്‍ജ് എഡിഷന്‍ വരുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് പവര്‍ട്രെയിനാണ് ഇതിലുള്ളത്. ഇത് 134 ബിഎച്ച്പി കരുത്തും 200 എന്എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 332 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

‘മലബാർ ഷെഫ്’ പുസ്തകം പുറത്തിറങ്ങി

ലോകത്തെവിടെ മലയാളിയുടെ ഹോട്ടലുണ്ടെങ്കിലും അവിടെ കൈപ്പുണ്യമുള്ള ഒരു മലബാര്‍ ഷെഫ് ഉണ്ടാകും എന്നു പറയാറുണ്ട്. കാസര്‍കോട്ടെയും കണ്ണൂരിലെയും കോഴിക്കോട്ടയും മലപ്പുറത്തെയും ആ കൈപ്പുണ്യമാണ് അതതു പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പങ്കുവയ്ക്കുന്നത്. വയ്ക്കുന്നവന്‍ സ്നേഹം ചേര്‍ക്കുമ്പോള്‍ കഴിക്കുന്നവന്റെ മനസ്സുനിറയും എന്നത് അന്വര്‍ഥമാവുകയാണ് ഈ പുസ്തകത്താളുകളില്‍. ഇതിലെ കൊതിയൂറും വിഭവങ്ങള്‍ നിങ്ങളുടെ അടുക്കളയെ രുചിയുടെ സ്വര്‍ഗലോകമാക്കിത്തിര്‍ക്കും, തീര്‍ച്ച. ‘മലബാര്‍ ഷെഫ്’. ടി അജീഷ്. മനോരമ ബുക്സ്. വില 161 രൂപ.

അമിതമായി പല്ല് തേക്കുന്നത് ഹാനികരം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

അമിതമായി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇനാമലിന് തേയ്മാനം സംഭവിച്ചാല്‍, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇത് നഷ്ടമായാല്‍ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമിതമായി പല്ലുതേക്കുന്നത് കാരണമാകും. ഹാര്‍ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമല്‍ വലിയ രീതിയില്‍ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ മീഡിയം അല്ലെങ്കില്‍ സോഫ്റ്റ് ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ ആരോഗ്യം സംരക്ഷിക്കും. പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 45 ഡിഗ്രി കോണില്‍ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകള്‍ വൃത്താകൃതിയില്‍ 15 മുതല്‍ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.

LEAVE A REPLY

Please enter your comment!
Please enter your name here