25.6 C
Kollam
Tuesday 18th August, 2026 | 07:10:56 AM
Home News Kerala എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ...

എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്

അറബിക്കടലില്‍ കേരള തീരത്തിന് സമീപം മുങ്ങിയ എംഎസ്‌സി എല്‍സ ത്രി കപ്പലിന് കാലപ്പഴക്കമുണ്ടായിരുന്നുവെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായിരുന്നില്ലെന്നും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട്. 2025 മേയ് 25നുണ്ടായ കപ്പല്‍ അപകടത്തെക്കുറിച്ച് ഡിജി ഷിപ്പിങ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാങ്കേതിക തകരാറാണ് അപകടകാരണം.
കപ്പലിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ബാലസ്റ്റ് വാട്ടര്‍ സംവിധാനം പരാജയപ്പെട്ടു. കപ്പലിന്റെ നിര്‍മിതിയില്‍ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഴിഞ്ഞത്തു നിന്നും പുറപ്പെടുമ്പോള്‍ തന്നെ കപ്പലിന് 5 ഡിഗ്രി ചെരിവുണ്ടായിരുന്നു. ആ സമയത്ത് തന്നെ കപ്പിലില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഇത് ഫലപ്രദമായി തടയാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല.
അപകടസാധ്യതയെക്കുറിച്ച് കപ്പല്‍ കമ്പനിയെ വിഴിഞ്ഞത്തുവച്ച് അദാനി പോര്‍ട്‌സ് അറിയിച്ചിരുന്നു. 2006ല്‍ ഇതേ കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും കാര്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും ഡിജി ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ക്യാപറ്റന്‍ അടക്കം കപ്പല്‍ ജീവനക്കാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും കപ്പല്‍ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവര്‍ക്ക് യാത്രാ അനുമതി നല്‍കുന്നത് ജുഡീഷ്യല്‍ നടപടികളെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.