കൊച്ചി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സാക്ഷിവിസ്താരം ഇന്നും തുടരും. അഭിമന്യുവിനൊപ്പം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മഹാരാജാസിലെ പൂർവ വിദ്യാർത്ഥി അർജുനിനെയാണ് ഇന്ന് വിസ്തരിക്കുന്നത്. അഭിമന്യുവിന്റെ കുത്തി കൊലപ്പെടുത്തിയവരെ നേരിൽകണ്ട പ്രധാന ദൃക്സാക്ഷികളിൽ ഒരാൾ കൂടിയാണ് അർജുൻ. അന്നത്തെ ആക്രമണത്തിൽ അർജുനിന് ഗുരുതരമായി പരുക്കേറ്റിരുന്നു. വിദേശത്ത് ജോലി ചെയുന്ന അർജുൻ കേസിൽ സാക്ഷിപറയാൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
കേസിൽ പതിനാറ് പ്രതികളിൽ പതിമൂന്ന് പെരെ മറ്റൊരു സാക്ഷിയായ സുബിൻ ഇന്നലെ തിരിച്ചറിഞ്ഞു. സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാൻ ഒരേ വേഷത്തിലാണ് പ്രതികൾ കോടതിയിൽ ഹാജരായത്. ഇന്നലെ ഹാജരായ അതേ രൂപത്തിൽ തന്നെ പ്രതികൾ വരും ദിവസങ്ങളിൽ ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. നാലു മാസത്തിനകം വിചാരണ പൂര്ത്തിയാക്കാനാണ് ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടത്. അതിനാല് നവംബര് 12 ഓടെ സാക്ഷി വിസ്താരം പൂര്ത്തിയാകും.

































