തിരുവനന്തപുരം.സർക്കാർ ജോലികൾ ഏറ്റെടുത്ത് നടത്തിയതിന്റെ പേരിൽ കിട്ടാനുള്ള പണം മാസങ്ങളായി കുടിശ്ശികയെന്ന പരാതിയുമായി ഗവൺമെന്റ് കോൺട്രാക്ടർമാർ. വാട്ടർ അതോറിറ്റിയിൽ മാത്രം 200 കോടിയോളം രൂപ കുടിശികയാണെന്ന് കരാറുകാർ പറയുന്നു. 20 മാസമായി ബില്ലുകൾ മാറുന്നില്ലെന്നും കടം വാങ്ങി അറ്റകുറ്റപ്പണികൾ നടത്തിയവർ വലിയ പ്രതിസന്ധിയിലാണെന്നുമാണ് പരാതി. പണം ലഭിക്കാതായതോടെ 250ഓളം ചെറുകിട കരാറുകാരാണ് പ്രതിസന്ധിയിലായത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കരാർ എടുത്തവർക്കും സമാനമായ പരാതിയുണ്ട്. മാർച്ച് മാസത്തിന് ശേഷം ആറ് മാസമായി ബില്ലുകൾ മാറി പണം നൽകിയിട്ടില്ല. കരാറുകാർ കടക്കെണിയിലാണെന്നും ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.































