25.3 C
Kollam
Thursday 15th October, 2026 | 11:28:29 PM
Home News Breaking News ജയിൽ മോചിതനായി ടോമിൻ ജെ. തച്ചങ്കരി; ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ജയിൽ മോചിതനായി ടോമിൻ ജെ. തച്ചങ്കരി; ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. ശിക്ഷാവിധി മരവിപ്പിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷാവിധിക്കെതിരെ തച്ചങ്കരി നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിയെ കുറ്റക്കാരനായി കണ്ടെത്തി നാലുവർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. തുടർന്നാണ് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

തെളിവുകളും ആനുകൂല്യങ്ങളും പരിഗണിച്ച് സാധ്യമായ എല്ലാ ഇളവുകളും നൽകിയിട്ടും തച്ചങ്കരിയുടെ കൈവശമുള്ളത് വരുമാനത്തിന്റെ 52.33 ശതമാനത്തോളം വരുന്ന അനധികൃത സ്വത്താണെന്നായിരുന്നു വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡിജിപി അഴിമതിക്കേസിൽ ജയിലിലാകുന്നത്.

വിജിലൻസ് കോടതി വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻ ബി. പിള്ളയും പ്രോസിക്യൂഷനും നടത്തിയ വിശദമായ വാദം കഴിഞ്ഞ മാസമാണ് കോടതി കേട്ടത്. തുടർന്ന് വിധി പറയാനായി മാറ്റിവച്ച ഹർജിയിലാണ് ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here