Home Blog Page 636

നിപയുണ്ട്, ഡിഎംഒ ഇല്ല, ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്. നിപ സ്ഥീരീകരിച്ച സാഹചര്യത്തില് സ്ഥിതിഗതികള് വിലയിരുത്താൻ കേന്ദ്രം സംഘം കോഴിക്കോട്ടെത്തി. രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43 കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ്. നാളെ ആരോഗ്യ മന്ത്രി കോഴിക്കോട്ടെത്തും.

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. വെൻ്റിലേറ്റിൽ കഴിയുന്ന 43 കാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് മോണോക്ലോണൽ ആൻ്റിബോഡി നൽകിയെങ്കിലും റെംഡിസിവർ മരുന്ന് ഇതുവരെ കോഴിക്കോടെത്തിക്കാനായില്ല. സമ്പർക്ക പട്ടികയിൽ നിലവിൽ 87 പേരാണുള്ളത് ആർക്കും രോഗലക്ഷണങ്ങളില്ല. എന്നാൽ രോഗിയുമായി ഏറ്റവുമടുത്ത് ഇടപെട്ട മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിനും മറ്റുമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ നിപ ആശങ്ക നിലനിൽക്കുമ്പോഴും ജില്ലയിൽ DMO തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. അഡീഷണൽ DMO യ്ക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. തസ്തികയിൽ ആളില്ലാത്തത് നിപ ചികിത്സ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നുമുണ്ട്. ഇന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കോഴിക്കോട്ടെത്തും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തില് പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ബേപ്പൂർ എംഎല്എ പി.എ.മുഹമ്മദ് റിയാസ് സിവില്‍ സ്റ്റേഷനില് കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.

ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

കോഴിക്കോട്. മാങ്കാവിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയില് 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. സംസ്ഥാന വ്യാപകമായി ഭാഗമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയിലാണ് അറസ്റ്റ്. വെള്ളിമാട്കുന്ന് സ്വദേശി മുഹമ്മദ് ജാവേദിനെ പൊലീസ് പിടികൂടി. ഒരു മാസമായി ഇയാള് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ജാവേദിന്റെ ലഹരി കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഡൻസാഫും കസബ പോലീസും ചേർന്ന് ഒരുമാസമായി ജാവേദിന് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഇയാള് കിണാശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാള് പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയില് 200 ഗ്രാം എംഡിഎംഎംയും കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഏറെ നാളായി മുഹമ്മദ് ജാവേദ് ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഉപയോഗിക്കുന്നവർക്കും ചെറുകിട വിതരണക്കാർക്കും എംഡിഎംഎ എത്തിക്കാറുണ്ടായിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.

അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, വിതരണ ശൃംഖലയിൽ മറ്റാർക്കെല്ലാം പങ്കുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ധൃതിയില്‍ തുണി തേച്ചു,പെട്ടി ഓഫാക്കാന്‍ മറന്ന് യാത്രപോയി, വീട് കത്തി

അതിരമ്പുഴ: കോട്ടയം അതിരമ്പുഴയില്‍ വീടിന് തീപിടിച്ചു. ആനമലയില്‍ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതെ വിട്ട ഇലക്‌ട്രിക് തേപ്പുപെട്ടിയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം

തീപിടിത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. രണ്ട് കട്ടിലുകള്‍, മെത്ത, തുണികള്‍ എന്നിവ പൂർണമായി കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്.

വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്നതായി പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കണ്ണംപിള്ളിൽ  മനോരമയമ്മ  നിര്യാതയായി

ശൂരനാട് വടക്ക്. പടിഞ്ഞാറ്റ കിഴക്ക് കണ്ണംപിള്ളിൽ വാസുദേവൻ നായരുടെ ഭാര്യ മനോരമയമ്മ (78 ) നിര്യാതയായി.മക്കൾ.ഷീജ. എം , ഡോ.സജീവ്.

മരുമക്കൾ. അഡ്വ വി. ആർ. അഭിലാഷ്, ഡോ. ഇന്ദുശ്രീ എസ്. ആർ

സഞ്ചയനം 18 വ്യാഴം രാവിലെ

യുവതികളിൽ ടെെപ്പ് 2 പ്രമേഹം കൂടി വരുന്നതായി പഠനം

യുവതികളിൽ ടൈപ്പ്-2 പ്രമേഹം പഴയ തലമുറകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്നതായി പഠനം. കൂടാതെ, ചെറുപ്പക്കാർക്ക് ടൈപ്പ്-2 പ്രമേഹം വരുമ്പോൾ, ഈ അവസ്ഥ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വേഗത്തിൽ നയിക്കുകയും ചെയ്യും.

Also Read: നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ ‘സ്ഥിരീകരിച്ചതിൽ’ മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

ഡയബറ്റീസ് യുകെ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയത്തിൽ കുത്തനെയുള്ള വർദ്ധനവ് വ്യക്തമാക്കുന്നു. അതിനാൽ അപകടസാധ്യത തിരിച്ചറിയുകയും ഈ അവസ്ഥ വികസിക്കുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

2017 നും 2024 നും ഇടയിൽ, ടൈപ്പ്-2 പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ള യുവതികളുടെ എണ്ണം 47% വർദ്ധിച്ചതായി ഡാറ്റ വെളിപ്പെടുത്തി. താരതമ്യപ്പെടുത്തുമ്പോൾ, 40-79 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ രോഗനിർണയം 22% വർദ്ധിച്ചു. ഇതേ കാലയളവിൽ, 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ ടൈപ്പ്-2 പ്രമേഹ രോഗനിർണയം 34% വർദ്ധിച്ചതായി കണ്ടെത്തി.

ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമായി ജെസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് (GDM) തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭകാലത്ത് സംഭവിക്കുന്ന ഒരു താൽക്കാലിക അവസ്ഥയാണ് ജെസ്റ്റേഷണൽ ഡയബറ്റിസ്. പ്രസവശേഷം ഇത് സാധാരണയായി മാറുമെങ്കിലും ഇത് ഒരു സ്ത്രീയിൽ പിന്നീടുള്ള ജീവിതത്തിൽ സ്ഥിരമായ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ​​ഗവേഷകർ പറയുന്നു.

ജിഡിഎം ബാധിച്ച് 5 വർഷത്തിനുള്ളിൽ 11% സ്ത്രീകൾക്ക് പ്രീ ഡയബറ്റിസ് (സാധാരണയിൽ നിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണ്) ഉണ്ടാകുന്നു. ജിഡിഎം വന്നു 10 വർഷത്തിനുള്ളിൽ 15% സ്ത്രീകളിൽ പൂർണ്ണ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നു.

ടൈപ്പ്-2 പ്രമേഹം പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധർ കരുതിയിരുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, 40 വയസ്സിന് താഴെയുള്ളവരിൽ ഇത് വികസിക്കുമ്പോൾ, രോഗം മറ്റ് രോ​ഗങ്ങൾക്ക് കാരണമാവുകയും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ വേഗത്തിലും നേരത്തെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ ‘സ്ഥിരീകരിച്ചതിൽ’ മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

പാലക്കാട്: നിപയ്ക്ക് പിന്നാലെ കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം. പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുന്നത്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ ഓഫീസ് അറിയിക്കുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോളും മന്ത്രി ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തു.

Also Read: കൊല്ലപ്പെട്ടത് ഫെബ്രുവരി 28 ന്, 106 -ാം നാൾ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; 3 ദിവസം രാജ്യമാകെ വിലാപയാത്ര, ജൂലൈ 9 ന് സംസ്കാരം

എന്നാൽ പാലക്കാട്ട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി എം ഒ രംഗത്തെത്തിയതോടെയാണ് വൻ ആശയക്കുഴപ്പമുണ്ടായത്. ഡി എം ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണെന്നും വ്യക്തമാക്കി മന്ത്രിയുടെ ഓഫീസും തിരുത്ത് വരുത്തി. നേരത്തെ കോഴിക്കോട് നിപ സ്ഥിരീകരണത്തിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, ഉച്ചക്ക് മുന്നേ ഫലം കിട്ടിയെന്നും നിപ സ്ഥിരീകരിച്ചെന്നുമായിരുന്നു കോഴിക്കോട് കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചിരുന്നത്. ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം നിപ പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെ കെ മുരളീധരൻ നാളെ കോഴിക്കോടെത്തും.

നിപയിൽ ആശ്വാസം

അതേസമയം സംസ്ഥാനത്ത് നിപ ആശങ്കയിൽ ആശ്വാസമായി ഇന്നത്തെ പരിശോധന ഫലം. സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ 12 ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും ആരോഗ്യമന്ത്രി വിവരിച്ചു.

കൊല്ലപ്പെട്ടത് ഫെബ്രുവരി 28 ന്, 106 -ാം നാൾ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; 3 ദിവസം രാജ്യമാകെ വിലാപയാത്ര, ജൂലൈ 9 ന് സംസ്കാരം

ടെഹ്റാൻ: അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ഖമനേയി കൊല്ലപ്പെട്ട് 106 -ാം ദിവസത്തിലാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒൻപതിന് സംസ്കാരം നടത്താനാണ് ഇറാൻ ഭരണകൂടത്തിന്‍റെ തീരുമാനം.

Also Read: കൊല്ലം ജില്ല ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീ​ഗ്

ഫെബ്രുവരി 28 നാണ് ഖമനേയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്‍റെ പ്രഖ്യാപനം. അമേരിക്കയുമായി ഉടൻ തന്നെ നയതന്ത്ര ധാരണ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചാണ് ഖമനേയിയുടെ സംസ്കാര തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായതെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരമോന്നത നേതാവിന്‍റെ സംസ്കാരം ഇത്രയും നാൾ വൈകാൻ കാരണമായത്. ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ വെല്ലുവിളിയാകുമെന്നായിരുന്നു ആശങ്ക. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.

പുതിയ പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ?

ഇറാൻ വർത്തമാനകാല ചരിത്രത്തിലെ വന്മരമായിരുന്ന ആയത്തുള്ള അലി ഖമനേയി. ഇറാന്റെ ഈ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫെബ്രുവരി 28 ന് അദ്ദേഹം കൊല്ലപ്പെട്ടത്. ടെഹ്റാനിലും ഖോമിലും മശ്ഹദിലുമായി ജൂലൈ നാല് മുതൽ തുടങ്ങുന്ന വിലാപയാത്രകൾക്ക് ശേഷം ജൂലൈ 9 ന് ഷിയാ ഇമാമായിരുന്ന ഇമാം റിസയുടെ മശ്ഹദിലെ പുണ്യകേന്ദ്രത്തിൽ കേന്ദ്രത്തിൽ അദ്ദേഹത്തെ സംസ്കരിക്കും. ഈ മാസം പകുതിയോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്കാര ചടങ്ങുകൾ സമാധാന ധാരണ നീണ്ടതോടെയാണ് നടക്കാതെ പോയത്. ഇതാദ്യമായാണ് ഇറാൻ തിയതി പ്രഖ്യാപിക്കുന്നത്. മരണത്തിന് ശേഷം ഖമനേയിയുടെ ഒരു ചിത്രമോ മറ്റു വിവരമോ ഇതുവരെ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന് ശേഷം ഇതുവരെ പൊതുരംഗത്ത് വന്നിട്ടില്ലാത്ത നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയി പങ്കെടുക്കുമോ എന്നത് ലോകം കാത്തിരിക്കുന്നു. അതിനിടെ അമേരിക്കയുമായി നിലവിലെത്തിയ ഏകദേശ ധാരണ പരമോന്നത നേതാവിന് സമ്മതമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്തിമ അനുമതി നൽകിയിട്ടില്ല.

അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ അമ്മമാർക്ക് അരിവീതം വിതരണം ചെയ്തു

ഓച്ചിറ.അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ 109 അമ്മമാർക്ക് 5kg അരിവീതം വിതരണം ചെയ്തു. പ്രസ്തുത സംഗമം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഷാജഹാൻ രാജധാനി മുഖ്യപ്രഭാഷണം നടത്തി അമ്മമനസ്സ് ചെയർപേഴ്സൺ മായ ഉദയകുമാർ അധ്യക്ഷത വഹിച്ചു.

അമ്മ മനസ്സ് രക്ഷാധികാരി ശ്രീകല ക്ലാപ്പന, ട്രഷറർ സുബൈദ എവൺ , സാമൂഹ്യ പ്രവർത്തകൻ സൂബി കൊതിയൻസ് രാജു , അബ്‌ദുൽ റഹ്‌മാൻ, ഗോപൻ കുലശേഖരപുരം അമൽ പാവുമ്പ , ശ്രീവിദ്യ പാവുമ്പ , ഷിജി കുലശേഖരപുരം ലേഖാ ഗോപൻ , സോളി ആലുംകടവ്, ജയശ്രീ ക്ലാപ്പന, പ്രസന്ന കുലശേഖരപുരം സുശീല കുലശേഖരപുരം, ഉഷകുലശേഖരപുരം,ശാന്തമ്മ യശോദരൻ, ശാന്ത പാവുമ്പ , നബീസത്ത് പാവുമ്പ ഇന്ദു പാവുമ്പ ശോഭന ക്ലാപ്പന ശാലിനി ക്ലാപ്പന, സക്കീനാ അസീസ്, സോണി ക്ലാപ്പന,എന്നിവർ സംസാരിച്ചു. നിരവധി അമ്മമാർ പങ്കെടുത്തു.

ഐവര്‍കാല സ്വാന്ത്വനം അഭയ മന്ദിരത്തില്‍ സ്‌നേഹ സാന്ത്വനം സംഘടിപ്പിച്ചു

കുന്നത്തൂർ :ഭാരതീയ ജനത ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഐവർകാല സ്വാന്തനം അഭയാ മന്ദിരത്തിൽ സ്നേഹ സാന്ത്വനം എന്ന പരിപാടി സംഘടിപ്പിച്ചു. ന്യുനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ് അധ്യക്ഷത വഹിച്ചു.

Also Read:

ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. അഖില കേരള മലങ്കര വൈദിക സംഘം തേക്കൻ മേഖല സെക്രട്ടറിയും ഓർത്തഡോക്സ് സഭ വൈദീകനുമായ ഫാ: ജോൺ ഗീവർഗീസ്, സ്നേഹ സന്ദേശം നൽകി. ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം,സാന്ത്വനം സെക്രട്ടറി ബഹുലയൻ, സുധാ ചന്ദ്രൻ,അനില, ഷാജി ഗ്രീൻ വാലി. രാജു ടി ഫിലിപ്പോസ്,കിരൺ, രാമചന്ദ്രൻ പിള്ള,മാത്യു ജോർജ് എന്നിവർ സംസാരിച്ചു. എ. രാധാകൃഷ്ണൻ, അഡ്വ. ജയകുമാർ,രഞ്ജിത് റാം,അനിൽ, കുമാർ,ബിജുപുത്തൂർ, എന്നിവർ നേതൃത്വം നൽകി.

ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ ലോക് അദാലത്ത് നടത്തി

ശാസ്താംകോട്ട.രാജ്യ വ്യാപകമായി നടന്ന നാഷണൽ ലോക് അദാലത്തിന്റ ഭാഗമായി കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തി.
ശാസ്താംകോട്ടയിലെ നാല് കോടതികളിൽ തീർപ്പാകാതെ കിടന്ന കേസുകൾ കൂടാതെ പെറ്റിക്കേസുകളും ദേശസാൽകൃത ബാങ്കുകളിലെയും മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും പണമിടപാട് കേസുകളും മെഗാ അദാലത്തിൽ പരിഗണിച്ചു.

താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാൻ ശാസ്താംകോട്ട കുടുംബ കോടതി ജഡ്ജ് ടി.സഞ്ജു, സിവിൽ ജഡ്ജിമാരായ രേഷ്മാ രാജൻ, എസ്.എസ്.കാവ്യ, റിട്ടയേർഡ് ജില്ലാ ജഡ്ജ് ഫ്രാൻസിസ്, അഡ്വ. സി. കെ. വിജയനന്ദ് ,അദാലത്തു കമ്മറ്റി മെമ്പർ അഡ്വ.എസ്.സുധികുമാർ, ലീഗൽ സർവീസസ് കമ്മറ്റി താലൂക്ക് സെക്രട്ടറി ഉദയ് ശബരീശം തുടങ്ങിയവർ ലോക് അദാലത്തിനു നേതൃത്വം നൽകി.