ടെഹ്റാൻ: അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ഖമനേയി കൊല്ലപ്പെട്ട് 106 -ാം ദിവസത്തിലാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഒൻപതിന് സംസ്കാരം നടത്താനാണ് ഇറാൻ ഭരണകൂടത്തിന്‍റെ തീരുമാനം.
Also Read: കൊല്ലം ജില്ല ഖേലോ ഇന്ത്യ വിമെൻസ് അസ്മിത സൈക്ലിങ് ലീഗ്
ഫെബ്രുവരി 28 നാണ് ഖമനേയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്‍റെ പ്രഖ്യാപനം. അമേരിക്കയുമായി ഉടൻ തന്നെ നയതന്ത്ര ധാരണ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചാണ് ഖമനേയിയുടെ സംസ്കാര തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇറാൻ തയ്യാറായതെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പരമോന്നത നേതാവിന്‍റെ സംസ്കാരം ഇത്രയും നാൾ വൈകാൻ കാരണമായത്. ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ വെല്ലുവിളിയാകുമെന്നായിരുന്നു ആശങ്ക. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
പുതിയ പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ?
ഇറാൻ വർത്തമാനകാല ചരിത്രത്തിലെ വന്മരമായിരുന്ന ആയത്തുള്ള അലി ഖമനേയി. ഇറാന്റെ ഈ യുദ്ധത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫെബ്രുവരി 28 ന് അദ്ദേഹം കൊല്ലപ്പെട്ടത്. ടെഹ്റാനിലും ഖോമിലും മശ്ഹദിലുമായി ജൂലൈ നാല് മുതൽ തുടങ്ങുന്ന വിലാപയാത്രകൾക്ക് ശേഷം ജൂലൈ 9 ന് ഷിയാ ഇമാമായിരുന്ന ഇമാം റിസയുടെ മശ്ഹദിലെ പുണ്യകേന്ദ്രത്തിൽ കേന്ദ്രത്തിൽ അദ്ദേഹത്തെ സംസ്കരിക്കും. ഈ മാസം പകുതിയോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്കാര ചടങ്ങുകൾ സമാധാന ധാരണ നീണ്ടതോടെയാണ് നടക്കാതെ പോയത്. ഇതാദ്യമായാണ് ഇറാൻ തിയതി പ്രഖ്യാപിക്കുന്നത്. മരണത്തിന് ശേഷം ഖമനേയിയുടെ ഒരു ചിത്രമോ മറ്റു വിവരമോ ഇതുവരെ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന് ശേഷം ഇതുവരെ പൊതുരംഗത്ത് വന്നിട്ടില്ലാത്ത നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമനേയി പങ്കെടുക്കുമോ എന്നത് ലോകം കാത്തിരിക്കുന്നു. അതിനിടെ അമേരിക്കയുമായി നിലവിലെത്തിയ ഏകദേശ ധാരണ പരമോന്നത നേതാവിന് സമ്മതമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്തിമ അനുമതി നൽകിയിട്ടില്ല.



































