Home Blog Page 836

മുഖ്യമന്ത്രി ചർച്ചയിലെ കെ സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം,ഒന്നു ജയിച്ചു കിട്ടട്ടെ കോണ്‍ഗ്രസേ

തിരുവനന്തപുരം. മുഖ്യമന്ത്രി ചർച്ചയിലെ കെ സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ച അനവസരത്തിൽ എന്നും അനാവശ്യമെന്നും പാർട്ടിക്കുള്ളിൽ വിമർശനം. കെ. സുധാകരൻ്റെ നീക്കം കൂടി മുന്നിൽകണ്ടാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ടേം വ്യവസ്ഥയില്ലെന്ന കെ. മുരളീധരൻ്റെ പരാമർശം. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പിന്തുണയുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പിന്തുണയോടെ കെ സിയുടെ മാര്‍ക്കറ്റ് ഇടിയുന്ന നിലയാണെന്ന് സമൂഹമാധ്യമപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ജാതി നേതാക്കള്‍ക്ക് വിധേയനല്ലെന്നതാണ് വിഡി സതീശന്‍റെ യോഗ്യതയായി യുവാക്കള്‍കാണുന്നത്.

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണം എന്ന നിർദ്ദേശം നടപ്പിലായില്ല എന്ന് മാത്രമല്ല കൈവിട്ടു പോവുകയും ചെയ്തു എന്നതാണ് സ്ഥിതി. കെ സുധാകരൻ ഇന്നലെ മല്ലികാർജുൻ ഖാർഗെയെ കണ്ടതും, പിന്നാലെ നടത്തിയ പരസ്യപ്രസ്താവനയും പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്ക് വഴി വച്ചു. വി.ഡി സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾക്ക് കെ സുധാകരന്റെ നീക്കത്തിൽ വലിയ വിയോജിപ്പുണ്ട്.

വി ഡി സതീശനെതിരായ വികാരമാണ് കെ സുധാകരന്റെ പുതിയ തന്ത്രത്തിന് പിന്നിലെന്നാണ് വി ഡി വിഭാഗത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാന മുഖ്യമന്ത്രി ചർച്ചകളിൽനിന്ന് അപ്രസക്തനായി പോകുന്നോ എന്ന തോന്നൽ രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ നേരിൽ കണ്ട് രമേശ് ചെന്നിത്തല ആശങ്കയറിയിച്ചതും ഇതിൻ്റെ പശ്ചാത്തലത്തിലാണ്. ടേം വ്യവസ്ഥ എന്നൊന്നില്ലെന്ന കെ മുരളീധരന്റെ പരാമർശവും പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായത്തിന്റെ തെളിവായി.

വി ഡി സതീശനോടുള്ള വിരോധം നേരത്തെ പ്രകടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ കെ.സി വേണുഗോപാലിന് എന്നറിയിച്ചു.അതിപ്പോള്‍ പക്ഷേ കെസിക്കു പാരയായിട്ടുണ്ട്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ശത്രുപക്ഷത്ത് നിർത്തിയുള്ള കെ സുധാകരന്റെ നീക്കം ശരിയല്ലെന്ന് കെ.പി.സി.സി നേതൃത്വം ഗ്രൂപ്പ് ഭേദമന്യേ വിലയിരുത്തുന്നുണ്ട്. വി.ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ വിഷയത്തിൽ മൗനം തുടരുകയാണ്. ലീഗ് നേതൃത്വത്തിൻ്റെ പിന്തുണ ഇരു കൂട്ടരും ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യം എന്നാണ് വിഷയത്തിൽ ലീഗിന്റെ നിലപാടെങ്കിലും നേതൃത്വത്തിന് പ്രിയം വി.ഡി സതീശനോടാണ്.

ഈ ഇളക്കങ്ങള്‍മൂലം മറ്റൊരു വലിയ കാര്യം കോണ്‍ഗ്രസില്‍ തെളിഞ്ഞു കഴിഞ്ഞു. അതായത് വിഡി സതീശനെ മാറ്റി നിര്‍ത്താനുള്ള നീക്കം വന്‍കലാപത്തിലേക്കു മാറുമെന്നതാണ് ആ സൂചന. വിഡി സതീശന്‍ ശക്തനാണെന്നും ജനകീയനാണെന്നും തെളിഞ്ഞു എന്നതാണ് ഈ ചര്‍ച്ചകളുടെ ഫലശ്രുതി. എന്നാല്‍ ഹൈക്കമാന്‍ഡ് എത്രത്തോളം ബുദ്ധിപരമായി തീരുമാനമെടുക്കുമെന്നത് മാത്രമാണ് അറിയാനുള്ളത്. എല്ലാത്തിനും മേയ് നാലിന് യുഡിഎഫ് വിജയസോപാനത്തിലേറണം.

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; ‘ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും’

ചെന്നൈ: ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ ‌രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്നലെ രാഹുൽ തന്നെ കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്.

Also Read: തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ,വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ,വെള്ളാപ്പള്ളി

മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് ‌പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ-കോൺഗ്രസ്സ് സഖ്യം തകരുന്നതായും രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിൻ രം​ഗത്തെത്തിയത്.

സ്റ്റാലിൻ സ്ത്രീവിരുദ്ധനാണ്. വനിത ബില്ല് പാസാകാത്തത് സ്റ്റാലിനും കുടുംബവും ആഘോഷിച്ചത് ഞെട്ടിച്ചു. സ്റ്റാലിൻ പടക്കം പൊട്ടിക്കുന്നത് കണ്ടപ്പോൾ തമിഴ്നാട്ടിലെ സ്ത്രീകളോടുള്ള അനീതിയാണ് വ്യക്തമായത്. സ്റ്റാലിൻ കുടുംബം പുരുഷാധിപത്യം നിറഞ്ഞ കൂട്ടരാണ്. തമിഴ്നാട്ടിലെ സ്ത്രീകൾ അവിശുദ്ധ സഖ്യത്തോട് പൊറുക്കില്ലെന്നും പിയൂഷ്‌ ഗോയൽ വിമർശിച്ചിരുന്നു. ഡിഎംകെ-കോൺഗ്രസ്സ് സഖ്യം തകരുകയാണ്. രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞു. തമിഴ്നാട് എൻഡിഎയിൽ എല്ലാം ഭദ്രമാണ്. സ്റ്റാലിൻ നുണയനാണ്. തമിഴ്നാട്ടിലെ സ്ത്രീകളോട് മാപ്പ് പറയണം. ഉദയനിധിയെ മുഖ്യമന്ത്രി ആക്കില്ലെന്ന് സ്റ്റാലിന് വാക്ക് നൽകാനാകുമോ? സ്റ്റാലിനെ വെല്ലുവിളിക്കുകയാണ്. രാഹുലും സ്റ്റാലിനും ഒരേവേദിയിൽ എത്താത്തത് എന്തുകൊണ്ടാണ്. ഉദയനിധിയെ മുഖ്യമന്ത്രി ആക്കുമെന്ന് രാഹുലിന്‌ അറിയാം. അതുകൊണ്ടാണ് രാഹുൽ വേദി പങ്കിടാൻ തയാറാകാത്തതെന്നും പിയൂഷ്‌ ഗോയൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ,വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ,വെള്ളാപ്പള്ളി

ആലപ്പുഴ.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ ഇടപെട്ട് വെള്ളാപ്പള്ളി. കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ.തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാൽ. കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും പറയില്ല

വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രം. രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല.കോൺഗ്രസിന്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല.ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ഈ ഡി അന്വേഷണംസതെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താൻ പറഞ്ഞതാണ്.അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വർണവും ഉണ്ടാകില്ല. മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടി. എന്നെ കുഴപ്പിക്കാൻ നോക്കി. പക്ഷേ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല

പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ട്. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാൻ കാലാ കാലങ്ങളിൽ വന്ന ഒരു സർക്കാരും എസ് എൻ ഡി പി യെ സഹായിക്കുന്നില്ല. മുസ്ലിങ്ങൾ എല്ലാം സംഘടിച്ച് ശക്തരായി. അവർ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. മുസ്ലിംലീഗും കേരള കോൺഗ്രസും വോട്ട് ബാങ്ക് ആയി.ലീഗിനെ നയിക്കുന്നത് തങ്ങൾമാർ

കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാർ. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി : മതാധിപത്യം വന്നു. മറ്റു പലർക്കും ഇവിടെ ജാതി പറയാം. താൻ പറഞ്ഞാൽ മാത്രം വിവാദം ആകും

നീതി പറഞ്ഞാലും ജാതി ആകും. ജാതി പറയുന്നത് അഭിമാനം ആണ്. ഇടുക്കിയിൽ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയത്. മണി ആശാനെ നിർത്തിയില്ല. നിർത്തി ഇരുന്നെങ്കിൽ പുഷ്പം പോലെ ജയിക്കും

ഇസ്ലാമാബാദിലെ ചർച്ചക്ക് മുന്നേ കൊടും ഭീഷണിയുമായി ട്രംപ്; നാളെ ഇറാന്‍റെ അവസാന അവസരം, കരാറിൽ എത്തിയില്ലെങ്കിൽ ഊർജനിലയങ്ങളടക്കം ആക്രമിക്കും

വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു. അതേസമയം പാകിസ്ഥാനിലെ ചർച്ച സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read : കൊടും ചൂടിന് വിട, കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും എല്ലാ പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി.

സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഹോർമുസിൽ ഇറാന്‍റെ കപ്പലുകൾക്കുള്ള നാവിക ഉപരോധം അമേരിക്ക തുടർന്നതോടെയാണ് തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം വീണ്ടും സായുധ സേന പൂർണമായും ഏറ്റെടുത്തതായും മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ശത്രുപക്ഷത്തുള്ളവരായി കണക്കാക്കി ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊടും ചൂടിന് വിട, കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കൊച്ചി: കൊടും ചൂടിൽ വെന്തുരുകിയ കൊച്ചിക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴയെത്തി. ശക്തമായ കാറ്റിമൊപ്പമെത്തിയ മഴയിൽ ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

Also Read: 19ാം വയസ്സിൽ അന്ത്യം! ലൈബ്രറിയിൽ അന്ത്യകർമ്മങ്ങൾ, ഇറാൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസൽ മോളൻ ആരാണ്

ആലുവ കരുമാലൂരിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോയി. ദിനനാഥന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ആർക്കും പരിക്കില്ല. ഒരു മണിക്കൂറിലധികം സമയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തു. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്. അതിനിടെ സംസ്ഥാനത്ത് 22 -ാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 19/04/2026 മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

ചാത്തന്നൂര്‍: കല്ലുവാതുക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
പാരിപ്പള്ളി പുലിക്കുഴി കല്ലറകോണം ചരുവിളവീട്ടില്‍ രവീന്ദ്രന്‍ (68)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ കല്ലുവാതുക്കല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ദേശീയപാതയോരത്തുള്ള കെട്ടിടത്തില്‍ രാവിലെയുള്ള സ്ഥിരം സന്ദര്‍ശനത്തിനെത്തിയ കെട്ടിടം ഉടമയാണ് മൃതദേഹം കണ്ടെത്തിയത്.
നിര്‍മ്മാണപ്രവര്‍ത്തി നടക്കുന്നതിനാല്‍ തുറന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയില്‍ രക്തം ഒലിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പാരിപ്പള്ളി പോലീസില്‍ അറിയിക്കുകയും പോലിസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു തലയില്‍ ഉണ്ടായ മുറിവിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെ ഡോഗ് സ്‌ക്വഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
വര്‍ഷങ്ങളായി വീടുമായും നാട്ടുകാരുമായി ബന്ധമില്ലാതെ ആള്‍താമസമില്ലാത്ത കെട്ടിടങ്ങളില്‍താമസിച്ചുവരുന്നയാളായിരുന്നു എന്ന് പോലിസ് പറഞ്ഞു

19ാം വയസ്സിൽ അന്ത്യം! ലൈബ്രറിയിൽ അന്ത്യകർമ്മങ്ങൾ, ഇറാൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസൽ മോളൻ ആരാണ്

സുലൈമാനിയ: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയിലെ പോരാളിയായ ഗസൽ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന പെഷ്മെർഗ സേനയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഈ പത്തൊൻപതുകാരി.

Also Read: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ഏപ്രിൽ 14-ന് ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുടെ കുടുംബങ്ങൾ താമസിച്ചിരുന്ന സുർദാഷിലെ ജനവാസ കേന്ദ്രത്തിലാണ് ഡ്രോൺ പതിച്ചത്. പരിക്കേറ്റ ഗസലിനെ ഉടൻ തന്നെ അടുത്തുള്ള ഷോർഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാൽ ബക്ഷീൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

സായുധ ഗ്രൂപ്പുമായി ബന്ധമുള്ള വ്യക്തിയായതിനാൽ ചികിത്സ നൽകിയാൽ തങ്ങൾ കുഴപ്പത്തിലാകുമെന്ന് ഭയന്ന് ബക്ഷീൻ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതായി ഗസലിനൊപ്പമുണ്ടായിരുന്ന സിവിൽ ആക്ടിവിസ്റ്റ് ഷക്കീല മഹ്ദിപനാഹ് ആരോപിച്ചു. 45 മിനിറ്റോളം കെഞ്ചിയിട്ടും ആശുപത്രി അധികൃതർ ഗസലിനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. പിന്നീട് ഫാറൂഖ് മെഡിക്കൽ സെന്ററിൽ എത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.മരണശേഷം ഗസലിന്റെ മൃതദേഹം ഏറ്റെടുക്കാൻ പ്രാദേശിക മോർച്ചറി അധികൃതരും വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

തുടർന്ന് സുലൈമാനിയയിലെ ഒരു ലൈബ്രറിക്കുള്ളിൽ വെച്ചാണ് സഹപ്രവർത്തകരും ഭർത്താവും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തിയത്. ആക്രമണ ഭീഷണിയെത്തുടർന്ന് വളരെ ലളിതമായ ചടങ്ങുകളോടെ സുലൈമാനിയയിലെ ശ്മശാനത്തിൽ സംസ്കാരം നടത്തി. കുർദിഷ് ദേശീയതയ്ക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാൻ ഇറാനിൽ നിന്ന് അതിർത്തി കടന്നെത്തിയ യുവതിയാണ് ഗസൽ. ഇറാനിലെ കുർദിഷ് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കോമല പാർട്ടിയുടെ ഭാഗമായിരുന്നു ഇവർ. സ്വന്തം രാജ്യത്തെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് പോരാട്ട ഭൂമി തിരഞ്ഞെടുത്ത ഗസലിന്റെ മരണം കുർദിഷ് മേഖലകളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ആരാണ് ഗസൽ മോളൻ

ഇറാനിലെ കുർദിഷ് മേഖലയിൽ നിന്നാണ് ഗസൽ തന്റെ പോരാട്ടങ്ങൾക്കായി വടക്കൻ ഇറാഖിലേക്ക് അതിർത്തി കടന്നെത്തിയത്. ഇറാനിലെ കുർദിഷ് ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനകൾക്കും അടിച്ചമർത്തലുകൾക്കും എതിരെ പ്രതികരിക്കാനാണ് ഗസൽ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തത്. ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയുടെ പോരാട്ട വിഭാഗമായ പെഷ്മെർഗയിലെ സജീവ അംഗമായിരുന്നു ഗസൽ. കുർദിഷ് ദേശീയതയെയും സ്ത്രീകളുടെ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിലാണ് കോമല പാർട്ടി വിശ്വസിക്കുന്നത്. പെഷ്മെർഗ നിരയിൽ സാധാരണയായി അനുഭവസമ്പത്തുള്ളവരാണ് മുൻനിരയിൽ എത്താറുള്ളത്. എന്നാൽ, തന്റെ 19-ാം വയസ്സിൽ തന്നെ യുദ്ധമുഖത്ത് ഇറങ്ങാൻ ഗസൽ കാണിച്ച ധൈര്യം സഹപ്രവർത്തകർക്കിടയിൽ അവർക്ക് വലിയ ബഹുമാനം നേടിക്കൊടുത്തു.

സമപ്രായക്കാരായ പെൺകുട്ടികൾ സുരക്ഷിതമായ ജീവിതം നയിക്കുമ്പോൾ, തോക്കേന്തി അതിർത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ ജീവിക്കാൻ ഗസൽ തീരുമാനിച്ചത് കുർദിഷ് പോരാട്ടത്തോടുള്ള അവരുടെ അമിതമായ ആവേശം മൂലമായിരുന്നു. “സ്വന്തം നാടിനും ജനതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി ഇറങ്ങിത്തിരിച്ച വിപ്ലവകാരി” എന്നാണ് ഗസലിനെ വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിനിടയിലും വിവാഹിതയായ ഗസൽ, തന്റെ ഭർത്താവിനൊപ്പം കുർദിഷ് ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. ഗസൽ മരണപ്പെട്ടപ്പോൾ സുലൈമാനിയയിലെ ഒരു ലൈബ്രറിയിൽ വെച്ച് അവർക്ക് അവസാനമായി വിട നൽകാൻ ഭർത്താവും കൂടെയുണ്ടായിരുന്നു.

രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.

മാതൃസഹോദരന്‍ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു സ്വാതിയും സംഘവും. യാത്രാമധ്യേ സൈഡ് റോഡില്‍ നിന്നും പെട്ടെന്ന് പഴയ നടക്കാവ് റോഡിലേക്ക് കയറി വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കമ്പികളുമായി വാഹനത്തിന് മുകളിലേക്ക് വീണു. ഇതോടെ തത്സമയം രക്ഷാപ്രവര്‍ത്തനം നടത്താനാവാതെ നാട്ടുകാര്‍ നിസ്സഹായരായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. അപ്പോഴേക്കും രക്തം വാര്‍ന്ന് സ്വാതി മരണത്തിന് കീഴടങ്ങിയിരുന്നു. അഭിലാഷ്, ദീപിക, ഡ്രൈവര്‍ ഹരിസുധന്‍ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോന്റെയും മിനിമോളുടെയും മകളാണ് സ്വാതി.

മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ല, തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരും, കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും കെ മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിലവിൽ യാതൊരു തിടുക്കത്തിനും കാര്യമില്ല. മെയ് നാലാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമുണ്ട്. വല്ലാതെ ടെൻ‌ഷനടിച്ച് 24 മണിക്കൂറിനകം നേതാവിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എത്ര സീറ്റുകൾ ലഭിച്ചു എന്ന് നോക്കി ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുക. നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ മാത്രമല്ല, എംപിമാരുടെ കൂടി അഭിപ്രായം തേടും. നിലവിൽ എംപിമാരായവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ നാലാം തീയതിക്ക് ശേഷം മാത്രമേ തന്റെ അഭിപ്രായം പറയൂ. കോൺ​ഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാൻ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം അറിയിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് ഖാർ​ഗെയും കണ്ടയാളും മാത്രം അറിഞ്ഞാൽ മതി. ആരു പറയണം, ആരു പറയേണ്ട എന്നൊന്നും പറയാൻ താൻ ആളല്ല. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കേണ്ട കാര്യമാണ്. അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി രൂക്ഷം…. പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടോ…?

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചൂടു കൂടുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ 50 മെഗാവാട്ടോളം വര്‍ധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായി ഏര്‍പ്പെട്ടിരുന്ന കരാറില്‍ 200 മെഗാവാട്ടിന്റെ കുറവ് 16-ാം തീയതി മുതല്‍ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയര്‍ന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപയോഗം വീണ്ടും റെക്കോര്‍ഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. 35% വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്.