Home News Breaking News മുഖ്യമന്ത്രി ചർച്ചയിലെ കെ സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം,ഒന്നു ജയിച്ചു കിട്ടട്ടെ...

മുഖ്യമന്ത്രി ചർച്ചയിലെ കെ സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം,ഒന്നു ജയിച്ചു കിട്ടട്ടെ കോണ്‍ഗ്രസേ

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രി ചർച്ചയിലെ കെ സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ച അനവസരത്തിൽ എന്നും അനാവശ്യമെന്നും പാർട്ടിക്കുള്ളിൽ വിമർശനം. കെ. സുധാകരൻ്റെ നീക്കം കൂടി മുന്നിൽകണ്ടാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ടേം വ്യവസ്ഥയില്ലെന്ന കെ. മുരളീധരൻ്റെ പരാമർശം. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പിന്തുണയുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പിന്തുണയോടെ കെ സിയുടെ മാര്‍ക്കറ്റ് ഇടിയുന്ന നിലയാണെന്ന് സമൂഹമാധ്യമപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ജാതി നേതാക്കള്‍ക്ക് വിധേയനല്ലെന്നതാണ് വിഡി സതീശന്‍റെ യോഗ്യതയായി യുവാക്കള്‍കാണുന്നത്.

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണം എന്ന നിർദ്ദേശം നടപ്പിലായില്ല എന്ന് മാത്രമല്ല കൈവിട്ടു പോവുകയും ചെയ്തു എന്നതാണ് സ്ഥിതി. കെ സുധാകരൻ ഇന്നലെ മല്ലികാർജുൻ ഖാർഗെയെ കണ്ടതും, പിന്നാലെ നടത്തിയ പരസ്യപ്രസ്താവനയും പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്ക് വഴി വച്ചു. വി.ഡി സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾക്ക് കെ സുധാകരന്റെ നീക്കത്തിൽ വലിയ വിയോജിപ്പുണ്ട്.

വി ഡി സതീശനെതിരായ വികാരമാണ് കെ സുധാകരന്റെ പുതിയ തന്ത്രത്തിന് പിന്നിലെന്നാണ് വി ഡി വിഭാഗത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാന മുഖ്യമന്ത്രി ചർച്ചകളിൽനിന്ന് അപ്രസക്തനായി പോകുന്നോ എന്ന തോന്നൽ രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ നേരിൽ കണ്ട് രമേശ് ചെന്നിത്തല ആശങ്കയറിയിച്ചതും ഇതിൻ്റെ പശ്ചാത്തലത്തിലാണ്. ടേം വ്യവസ്ഥ എന്നൊന്നില്ലെന്ന കെ മുരളീധരന്റെ പരാമർശവും പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായത്തിന്റെ തെളിവായി.

വി ഡി സതീശനോടുള്ള വിരോധം നേരത്തെ പ്രകടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ കെ.സി വേണുഗോപാലിന് എന്നറിയിച്ചു.അതിപ്പോള്‍ പക്ഷേ കെസിക്കു പാരയായിട്ടുണ്ട്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ ശത്രുപക്ഷത്ത് നിർത്തിയുള്ള കെ സുധാകരന്റെ നീക്കം ശരിയല്ലെന്ന് കെ.പി.സി.സി നേതൃത്വം ഗ്രൂപ്പ് ഭേദമന്യേ വിലയിരുത്തുന്നുണ്ട്. വി.ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ വിഷയത്തിൽ മൗനം തുടരുകയാണ്. ലീഗ് നേതൃത്വത്തിൻ്റെ പിന്തുണ ഇരു കൂട്ടരും ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യം എന്നാണ് വിഷയത്തിൽ ലീഗിന്റെ നിലപാടെങ്കിലും നേതൃത്വത്തിന് പ്രിയം വി.ഡി സതീശനോടാണ്.

ഈ ഇളക്കങ്ങള്‍മൂലം മറ്റൊരു വലിയ കാര്യം കോണ്‍ഗ്രസില്‍ തെളിഞ്ഞു കഴിഞ്ഞു. അതായത് വിഡി സതീശനെ മാറ്റി നിര്‍ത്താനുള്ള നീക്കം വന്‍കലാപത്തിലേക്കു മാറുമെന്നതാണ് ആ സൂചന. വിഡി സതീശന്‍ ശക്തനാണെന്നും ജനകീയനാണെന്നും തെളിഞ്ഞു എന്നതാണ് ഈ ചര്‍ച്ചകളുടെ ഫലശ്രുതി. എന്നാല്‍ ഹൈക്കമാന്‍ഡ് എത്രത്തോളം ബുദ്ധിപരമായി തീരുമാനമെടുക്കുമെന്നത് മാത്രമാണ് അറിയാനുള്ളത്. എല്ലാത്തിനും മേയ് നാലിന് യുഡിഎഫ് വിജയസോപാനത്തിലേറണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here