26.9 C
Kollam
Wednesday 22nd July, 2026 | 10:20:53 AM
Home News Breaking News അല്‍ഫാം അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ അടി, ...

അല്‍ഫാം അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ അടി, 3 പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത് ആക്രമണത്തില്‍ കലാശിച്ചു. അടിമാലി ജെന്ന റസിഡന്‍സി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഹോട്ടല്‍ സൂപ്പര്‍വൈസര്‍ അടിമാലി മന്നാങ്കാല ചെറിയാനിക്കല്‍ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയില്‍ അനന്ദു (27), ഇതരസംസ്ഥാനത്തൊഴിലാളി മുര്‍ഷിദുല്‍ ഇസ്ലം (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുണ്‍ സോമന്‍ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്ബര്‍ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാന്‍ (19) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘം ജന്ന റസിഡന്‍സിയില്‍ ഭക്ഷണം കഴിക്കാനെത്തി. ടൂര്‍ പാക്കേജ് ഏജന്‍സി വഴിയാണ് ഭക്ഷണവും മറ്റ് കാര്യങ്ങളും സഞ്ചാരികള്‍ക്കായി ക്രമീകരിച്ചിരുന്നത്.

അല്‍ഫാം ഉള്‍പ്പെടെയുള്ളവയാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഏജന്‍സിയുമായി ചര്‍ച്ച ചെയ്യുന്നതിനിടെ ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്‍ തുക അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here