29.9 C
Kollam
Saturday 5th September, 2026 | 02:29:21 PM
Home News Breaking News പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല,ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ലെന്നും സതീശന്‍

പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല,ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ലെന്നും സതീശന്‍

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് നിരത്തില്‍ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും നിരവധി എംപിമാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല.

എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ല. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയര്‍ത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.