Home News Breaking News 19ാം വയസ്സിൽ അന്ത്യം! ലൈബ്രറിയിൽ അന്ത്യകർമ്മങ്ങൾ, ഇറാൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസൽ മോളൻ ആരാണ്

19ാം വയസ്സിൽ അന്ത്യം! ലൈബ്രറിയിൽ അന്ത്യകർമ്മങ്ങൾ, ഇറാൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസൽ മോളൻ ആരാണ്

Advertisement

സുലൈമാനിയ: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയിലെ പോരാളിയായ ഗസൽ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന പെഷ്മെർഗ സേനയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഈ പത്തൊൻപതുകാരി.

Also Read: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ഏപ്രിൽ 14-ന് ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുടെ കുടുംബങ്ങൾ താമസിച്ചിരുന്ന സുർദാഷിലെ ജനവാസ കേന്ദ്രത്തിലാണ് ഡ്രോൺ പതിച്ചത്. പരിക്കേറ്റ ഗസലിനെ ഉടൻ തന്നെ അടുത്തുള്ള ഷോർഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാൽ ബക്ഷീൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

സായുധ ഗ്രൂപ്പുമായി ബന്ധമുള്ള വ്യക്തിയായതിനാൽ ചികിത്സ നൽകിയാൽ തങ്ങൾ കുഴപ്പത്തിലാകുമെന്ന് ഭയന്ന് ബക്ഷീൻ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതായി ഗസലിനൊപ്പമുണ്ടായിരുന്ന സിവിൽ ആക്ടിവിസ്റ്റ് ഷക്കീല മഹ്ദിപനാഹ് ആരോപിച്ചു. 45 മിനിറ്റോളം കെഞ്ചിയിട്ടും ആശുപത്രി അധികൃതർ ഗസലിനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. പിന്നീട് ഫാറൂഖ് മെഡിക്കൽ സെന്ററിൽ എത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.മരണശേഷം ഗസലിന്റെ മൃതദേഹം ഏറ്റെടുക്കാൻ പ്രാദേശിക മോർച്ചറി അധികൃതരും വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

തുടർന്ന് സുലൈമാനിയയിലെ ഒരു ലൈബ്രറിക്കുള്ളിൽ വെച്ചാണ് സഹപ്രവർത്തകരും ഭർത്താവും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തിയത്. ആക്രമണ ഭീഷണിയെത്തുടർന്ന് വളരെ ലളിതമായ ചടങ്ങുകളോടെ സുലൈമാനിയയിലെ ശ്മശാനത്തിൽ സംസ്കാരം നടത്തി. കുർദിഷ് ദേശീയതയ്ക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാൻ ഇറാനിൽ നിന്ന് അതിർത്തി കടന്നെത്തിയ യുവതിയാണ് ഗസൽ. ഇറാനിലെ കുർദിഷ് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കോമല പാർട്ടിയുടെ ഭാഗമായിരുന്നു ഇവർ. സ്വന്തം രാജ്യത്തെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് പോരാട്ട ഭൂമി തിരഞ്ഞെടുത്ത ഗസലിന്റെ മരണം കുർദിഷ് മേഖലകളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ആരാണ് ഗസൽ മോളൻ

ഇറാനിലെ കുർദിഷ് മേഖലയിൽ നിന്നാണ് ഗസൽ തന്റെ പോരാട്ടങ്ങൾക്കായി വടക്കൻ ഇറാഖിലേക്ക് അതിർത്തി കടന്നെത്തിയത്. ഇറാനിലെ കുർദിഷ് ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനകൾക്കും അടിച്ചമർത്തലുകൾക്കും എതിരെ പ്രതികരിക്കാനാണ് ഗസൽ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തത്. ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയുടെ പോരാട്ട വിഭാഗമായ പെഷ്മെർഗയിലെ സജീവ അംഗമായിരുന്നു ഗസൽ. കുർദിഷ് ദേശീയതയെയും സ്ത്രീകളുടെ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിലാണ് കോമല പാർട്ടി വിശ്വസിക്കുന്നത്. പെഷ്മെർഗ നിരയിൽ സാധാരണയായി അനുഭവസമ്പത്തുള്ളവരാണ് മുൻനിരയിൽ എത്താറുള്ളത്. എന്നാൽ, തന്റെ 19-ാം വയസ്സിൽ തന്നെ യുദ്ധമുഖത്ത് ഇറങ്ങാൻ ഗസൽ കാണിച്ച ധൈര്യം സഹപ്രവർത്തകർക്കിടയിൽ അവർക്ക് വലിയ ബഹുമാനം നേടിക്കൊടുത്തു.

സമപ്രായക്കാരായ പെൺകുട്ടികൾ സുരക്ഷിതമായ ജീവിതം നയിക്കുമ്പോൾ, തോക്കേന്തി അതിർത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ ജീവിക്കാൻ ഗസൽ തീരുമാനിച്ചത് കുർദിഷ് പോരാട്ടത്തോടുള്ള അവരുടെ അമിതമായ ആവേശം മൂലമായിരുന്നു. “സ്വന്തം നാടിനും ജനതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി ഇറങ്ങിത്തിരിച്ച വിപ്ലവകാരി” എന്നാണ് ഗസലിനെ വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിനിടയിലും വിവാഹിതയായ ഗസൽ, തന്റെ ഭർത്താവിനൊപ്പം കുർദിഷ് ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. ഗസൽ മരണപ്പെട്ടപ്പോൾ സുലൈമാനിയയിലെ ഒരു ലൈബ്രറിയിൽ വെച്ച് അവർക്ക് അവസാനമായി വിട നൽകാൻ ഭർത്താവും കൂടെയുണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here