28.1 C
Kollam
Wednesday 21st October, 2026 | 04:36:45 PM
Home Lifestyle Entertainment 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി–അടൂർ കൂട്ടുകെട്ട്; ‘പദയാത്ര’ ഡിസംബർ നാലിന് തിയറ്ററുകളിലേക്ക്

32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി–അടൂർ കൂട്ടുകെട്ട്; ‘പദയാത്ര’ ഡിസംബർ നാലിന് തിയറ്ററുകളിലേക്ക്



മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായി ഡിസംബർ നാലിന് ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിൽ ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജീവിതവും അതിലൂടെ ചർച്ചയാകുന്ന വിഷയങ്ങളും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ മമ്മൂട്ടി–അടൂർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ‘പദയാത്ര’യുടെ പ്രധാന സവിശേഷത. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച ‘വിധേയൻ’, ‘മതിലുകൾ’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു.

ഇന്ദ്രൻസും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരും താരനിരയിലുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ കൂട്ടുകെട്ടിന്റെ തിരിച്ചുവരവിലൂടെ വേറിട്ടൊരു സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here