27.8 C
Kollam
Wednesday 21st October, 2026 | 05:47:49 PM
Home News Breaking News അഞ്ചുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റിൽ, സംസ്കാരച്ചെലവിന് പണമില്ലാതെ പിതാവ്

അഞ്ചുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റിൽ, സംസ്കാരച്ചെലവിന് പണമില്ലാതെ പിതാവ്

ന്യൂയോർക്ക്: ‘ഞാനെന്റെ മകളെ കൊന്നു’ — അഞ്ചുവയസുകാരിയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിനോട് അമ്മ ഫ്രാൻസിസ് കബെല്ലോ പറഞ്ഞത് ഇങ്ങനെ. ന്യൂയോർക്കിലെ ക്യൂൻസിൽ ഒക്ടോബർ 14നാണ് റിച്ച്മണ്ട് ഹില്ലിനു സമീപത്തെ വീട്ടിൽ അഞ്ചുവയസുകാരി ഫാബിയാന കബെല്ലോ കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, മകളുടെ സംസ്കാരച്ചടങ്ങുകൾക്കായി 17 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യൻ വംശജനായ പിതാവ് കുൽദീപ് സിങ്.

പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് ലഭിച്ച ഫോൺവിളിയിലൂടെയാണ് കുട്ടിയുടെ മരണവിവരം പുറത്തറിഞ്ഞത്. ഉടൻ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തി. മൂക്കിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഉടൻ ജമൈക്ക മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ മുഖത്ത് പോറലുകളും കണ്ണുകൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ രക്തസ്രാവത്തിന്റെ അടയാളങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതെന്നാണ് വിവരം.

മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പിതാവ്

ഫ്രാൻസിസ് കബെല്ലോയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഫ്രാൻസിസിന്റെ പിതാവ് ഫ്രാങ്ക്ലിൻ കബെല്ലോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ മകൾ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്ന് നിർത്താൻ ഡോക്ടർ അനുമതി നൽകിയതായി മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

സംസ്കാരച്ചെലവിനായി സഹായം തേടി പിതാവ്

മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്ന കുൽദീപ് സിങ് സംസ്കാരച്ചടങ്ങുകൾക്കുള്ള പണം കണ്ടെത്താൻ ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. മകളെ നഷ്ടമായതോടെ തന്റെ ലോകം തന്നെ ഇല്ലാതായെന്ന് അദ്ദേഹം ധനസമാഹരണ അഭ്യർഥനയിൽ കുറിച്ചു.

വാടകയ്ക്കെടുത്ത കാറിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് മകളുടെ സംസ്കാരച്ചടങ്ങുകൾക്കായി ആവശ്യമായ 17 ലക്ഷം രൂപ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഈ ഘട്ടം അതിജീവിച്ച് മുന്നോട്ടുപോകാൻ മറ്റുള്ളവരുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സമീപവാസികളും.

LEAVE A REPLY

Please enter your comment!
Please enter your name here