കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിൻ കൊണ്ടുവരാൻ പണിയെടുത്തത് താനാണെന്നും ട്രെയിൻ വന്നതുകൊണ്ടല്ലേ കോച്ചും വന്നതെന്നും കൊടിക്കുന്നിൽ ചോദിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്നും അതിന്റെ പേരിൽ ആരും അസൂയപ്പെടുകയോ കുറ്റം പറയുകയോ ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് സംബന്ധിച്ച് ഇരുവരും ഫേസ്ബുക്കിലൂടെ അവകാശവാദങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദം തുടങ്ങിയത്. കൊല്ലം മണ്ഡലത്തിലെ പുനലൂർ വഴി സർവീസ് നടത്തുന്ന മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ച വിവരം കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ വിഷയത്തിൽ താൻ നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് എൻ.കെ. പ്രേമചന്ദ്രനും കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഇതിനുപിന്നാലെ കോച്ച് അനുവദിക്കുന്നതിനായി നടത്തിയ ഇടപെടലുകളുടെ സമയക്രമം വിശദീകരിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പിഎ അബ്ദുള്ള ആസാദും ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഒരാളെ ഉയർത്തിക്കാട്ടുന്നതിനോ മറ്റൊരാളെ താഴ്ത്തിക്കെട്ടുന്നതിനോ ഉള്ള വിഷയമല്ല ഇതെന്നും പൊതുപ്രവർത്തനത്തിലെ അവകാശവാദങ്ങൾ പരിശോധിക്കുമ്പോൾ തീയതികൾക്കും രേഖകൾക്കും യഥാർഥ ഇടപെടലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്നുമായിരുന്നു കുറിപ്പിലെ നിലപാട്.
ഇതിനു പിന്നാലെയാണ് എൻ.കെ. പ്രേമചന്ദ്രൻ മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വിശദീകരിച്ചത്. വിഷയത്തിൽ പലരും ഇടപെട്ടിട്ടുണ്ടാകാമെന്നും അവകാശവാദത്തർക്കത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് അറിഞ്ഞാണോ അദ്ദേഹത്തിന്റെ പിഎ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും പ്രേമചന്ദ്രൻ ചോദിച്ചിരുന്നു.
രാജ്യത്ത് ആദ്യമായി വിസ്റ്റഡോം ട്രെയിൻ അനുവദിച്ച സമയത്തുതന്നെ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. താൻ നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് പറഞ്ഞതെന്നും കേരളത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തിയാണ് റെയിൽവേയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നെന്നും അന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നെന്നും കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.



























