വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു. അതേസമയം പാകിസ്ഥാനിലെ ചർച്ച സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും എല്ലാ പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഹോർമുസിൽ ഇറാന്‍റെ കപ്പലുകൾക്കുള്ള നാവിക ഉപരോധം അമേരിക്ക തുടർന്നതോടെയാണ് തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം വീണ്ടും സായുധ സേന പൂർണമായും ഏറ്റെടുത്തതായും മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ശത്രുപക്ഷത്തുള്ളവരായി കണക്കാക്കി ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





































