Home News Breaking News രണ്ട് മാസത്തിനിടെ ആദ്യം, ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ; ബെയ്റൂട്ട് ആക്രമണത്തിന് പ്രതികാരം

രണ്ട് മാസത്തിനിടെ ആദ്യം, ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ; ബെയ്റൂട്ട് ആക്രമണത്തിന് പ്രതികാരം

ജറുസലേം: ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ആദ്യമായി ഇറാൻ ഇസ്രയേലിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തി. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് മേഖലയിൽ യുദ്ധഭീതി ശക്തമാവുകയും അയൽരാജ്യങ്ങളായ ഇറാഖും സിറിയയും തങ്ങളുടെ വ്യോമപാതകൾ താത്കാലികമായി അടക്കുകയും ചെയ്തു.

Also Read: മാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ; ചോദ്യം ചെയ്യും മുന്നേ പരമാവധി തെളിവുകൾ ഉറപ്പാക്കാൻ നീക്കം

ഇന്നലെയാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തത്. സുരക്ഷ മുൻനിർത്തി ഇറാഖ് തങ്ങളുടെ വ്യോമപാത അടുത്ത 72 മണിക്കൂറത്തേക്ക് അടച്ചതായി പ്രഖ്യാപിച്ചു. സിറിയ ദമാസ്കസ് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചു. ഒപ്പം തെക്കൻ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് അടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയും അടച്ചിരിക്കുകയാണ്.

ഇറാന്റെ മിസൈലുകളിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. തിരിച്ചടിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങൾ മേഖലയിലെ സമാധാന ചർച്ചകളെ ബാധിക്കുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. വരും ദിവസങ്ങളിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുമെന്ന് ഇറാന്റെ റെവല്യൂഷനറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.