മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. തിങ്കളാഴ്ച മിൻഡാനാവോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം ഉണ്ടായതായി ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ജിയോസയൻസസ് ആണ് അറിയിച്ചത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പലാവു, തായ്‌വാൻ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വ്യാപകമായി അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
രാജ്യത്തെ 9 പ്രവിശ്യകളിലെ (സാരംഗാനി, ഡാവോ ഒക്‌സിഡന്റൽ, താവി-താവി, സുലു ഉൾപ്പെടെയുള്ളവ) തീരദേശവാസികളോട് ഉടൻ തന്നെ ഉയർന്ന സ്ഥലങ്ങളിലേക്കോ ഉൾനാടുകളിലേക്കോ മാറാൻ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി (PHIVOLCS) ആവശ്യപ്പെട്ടു. നിലവിൽ കടലിലുള്ള ബോട്ടുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലിൽ തന്നെ തുടരണമെന്നും നിർദ്ദേശമുണ്ട്.
വൻ നാശ നഷ്ടമുണ്ടായതായും കെട്ടിടങ്ങൾ തകർന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആളപായമുള്ളതായി റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. തെക്കൻ ഫിലിപ്പീൻസ് നഗരമായ ജനറൽ സാന്റോസിൽ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. സ്കൂൾ തുറന്ന ആദ്യ ദിനമായിരുന്നിട്ടും മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. പ്രദേശത്തെ ആശുപത്രിയിലെ രോഗികളെ സുരക്ഷ മുൻനിർത്തി തെരുവിലേക്ക് മാറ്റിപ്പാർപ്പിച്ചു.





























