Home Blog Page 830

ഒരിടവേളക്കുശേഷം ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം.ഒരിടവേളക്കുശേഷം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നതാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. പ്രശാന്തിനൊപ്പം ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന അജികുമാറിന്റെ മൊഴിയും ഇന്നലെ ശേഖരിച്ചിട്ടുണ്ട്.

2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയില്‍ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. 2025 ലെ സ്വര്‍ണം പൂശലില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുടെ മൊഴി നിര്‍ണായകമായേക്കും.

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.

ഇര്‍ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിനു കിട്ടി.യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പോലീസ്

ബം​ഗളൂരുവിൽ നിന്നു വന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങി,മാരക മയക്കു മരുന്നുമായി യുവാക്കളെ വളഞ്ഞിട്ടു പിടികൂടി

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. ബം​ഗളൂരുവിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങിയ ഇരുവരേയും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.

ബം​ഗളൂരുവിൽ നിന്നു ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരി മരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.

ജനവിധി തേടി തമിഴ്‌നാടും ബംഗാളും; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ന്യൂ ഡെൽഹി: പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പും തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഇരു സംസ്ഥാനങ്ങളിലെയും ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും തമിഴ്‌നാട്ടിലെ ഒറ്റഘട്ട വോട്ടെടുപ്പും നടക്കുന്നത്.

ബംഗാളിലെ 152 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. എസ്ഐആർ നടപടികൾക്ക് ശേഷം പുതുതായി 3.22 ലക്ഷം വോട്ടർമാരെ കൂടി ബംഗാളിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിലെ വിവിധയിടങ്ങളിൽ വൻ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള പ്രമുഖ വനിതാ നേതാക്കളും പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലും 234 മണ്ഡലങ്ങളിലേക്കുള്ള പോരാട്ടം മുറുകുകയാണ്. സംസ്ഥാനത്ത് ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒൻപതിന് തന്നെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. മെയ് 4-നാണ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

സ്കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ഉദയപൂരിൽ സ്കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തീതാർഡി ആർകെ പുരം സ്വദേശിയായ മഹർത്ത് രാജ് സിംഗ് (8) ആണ് മരിച്ചത്. തിങ്കളാഴ്ച സ്കൂളിലെ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ, ഹാൻഡ് ബോൾ പോസ്റ്റിൽ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു.


ഉടൻ തന്നെ അടുത്തുള്ള എംബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൈതാനത്തെ കായിക ഉപകരണങ്ങളുടെ ബലപരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


വസ്തു കച്ചവടക്കാരനായ ദേവേന്ദ്ര പാൽ സിംഗ് ചൗഹാന്റെ ഏക മകനായ മഹർത്തിന്റെ മരണത്തിൽ ബന്ധുക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടി വടക്കുപാട് സ്വദേശിയായ കൃഷ്ണകുമാർ ആണ് പിടിയിലായത്.


കഴിഞ്ഞ മാസം 30-ന് കോഴിക്കോട് വെച്ചായിരുന്നു സംഭവം. കല്ലേറിൽ വടകര പുറമേരി സ്വദേശിയും ആലുവ യുസി കോളേജ് വിദ്യാർത്ഥിനിയുമായ ഐശ്വര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


കല്ലേറ് കൊണ്ട് ഐശ്വര്യയുടെ രണ്ട് പല്ലുകൾ പൊഴിയുകയും താടിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. ലഹരി ലഹരിയിലായിരുന്നു താൻ കല്ലെറിഞ്ഞതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ ജീവനക്കാരന് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ച് രോഗിയുടെ ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുരീപ്പുഴ തുണ്ടിൽ വീട്ടിൽ സുരേഷ് ബാബുവിനാണ്(52) പരിക്കേറ്റത്. സംഭവത്തിൽ കൊല്ലം ചവറ സെബാസ്റ്റിനെതിരെ(64) കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ജില്ലാ ആശുപത്രിയിലെ ന്യു ഐ.സി.യുവിലായിരുന്നു സംഭവം. ഐ.സി.യുവിലെ ഒന്നാം കിടക്കയിലെ രോഗിയുടെ യൂറിൻ ബാഗിൽ നിന്നും യൂറിൻ നീക്കുകയായിരുന്നു സുരേഷ് ബാബു. ഇതിനിടെ മൂന്നാമത്തെ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുരേഷ് ബാബു പെട്ടെന്ന് ചാടിയെഴുന്നേറ്റ് വെന്റിലേറ്റർ സംവിധാനത്തിന്റെ സ്റ്റാൻഡ് ഊരി സുരേഷ്ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരിഞ്ഞുനോക്കുന്നതിനിടെ വീണ്ടും തലയ്ക്ക് അടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ചേർന്ന് സെബാസ്റ്റ്യനെ പിന്തിരിപ്പിക്കുകയായിരുന്നു.


സുരേഷ് ബാബുവിന്റെ നെറ്റിയിൽ മൂന്ന് തുന്നലും തലയുടെ പിൻഭാഗത്ത് ഏഴ് തുന്നലുമുണ്ട്. കഴുത്തിലെ എല്ലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ബാബു കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റി. പാൻക്രിയാസ് സംബന്ധമായ രോഗം മൂർച്ഛിച്ചാണ് സെബാസ്റ്റ്യനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.

യാത്രകാരുടെ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കൈക്കലാക്കി ഓട്ടോ ഉടമ: കേസെടുത്ത പൊലീസ്

കൊല്ലം : കോട്ടയം സ്വദേശിയായ യുവതിയും കുടുംബവും യാത്രയ്ക്കിടയിൽ മറന്നു പോയ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് കൈക്കലാക്കി ഓട്ടോ ഉടമ.
സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഈസ്റ്റ്‌ പൊലീസ് കേസ് എടുത്തു.
ഓട്ടോ ഉടമയായ കൊല്ലം പട്ടത്താനം സ്വദേശി വിത്സനു എതിരെയാണ് കേസ് എടുത്തത്.
മൂന്നു ദിവസം മുൻപാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച് പൊലീസ് പറയുന്നത് ഇങ്ങനെ

മൂന്നു ദിവസം മുൻപ് രാവിലെ 9.30നു യുവതിയും കുടുംബവും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പ്രീ പെയ്ഡ്
കൗണ്ടറിൽ നിന്ന് ഓട്ടോയിൽ ഇരവിപുരത്തെ ബന്ധു വീട്ടിലെത്തി. ബാഗും മറ്റും ഇറക്കിയെങ്കിലും ഓട്ടോയുടെ പിൻ വശത്തു വച്ചിരുന്ന സ്വർണ്ണവും പണവും അടങ്ങിയ  ബാഗ് എടുത്തില്ല. തുടർന്ന്  പ്രീ പെയ്ഡ് കൗണ്ടറിൽ ബന്ധപ്പെട്ട ഓട്ടോ ഉടമയുടെ നമ്പറിൽ വിളിച്ചെങ്കിലും ഓട്ടോ താൻ വാടകയ്ക്ക്  നൽകിയിരിക്കുകയാണെന്നും പറഞ്ഞു . തുടർന്ന് ഡ്രൈവറുടെ നമ്പർ നൽകി. ഇയാളെ വിളിച്ചപ്പോൾ താൻ ഇപ്പോൾ ചികിത്സയിലാണെന്നും  പറഞ്ഞു. താൻ ഓട്ടോയിൽ ഉണ്ടായിരുന്ന ബാഗ് ഉടമയ്ക്ക് കൈമാറി എന്നും പറഞ്ഞു.യുവതി തിരികെ ഉടമയെ വിളിച്ചെങ്കിലും  ഫോണിൽ ലഭിച്ചില്ല. തുടർന്ന് യുവതി ഈസ്റ്റ്‌ പോലീസിൽ പരാതി നൽകി. ഉടമ നാട് വിട്ടതയാണ് വിവരം. ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയെകിട്ടി

കോഴിക്കോട്. ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ പിടിയിൽ. കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി

വടകര പുറമേരി സ്വദേശി ഐശ്വര്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. കഴിഞ്ഞമാസം 30നായിരുന്നു സംഭവം.

തൃണമാക്കി,തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി, അൻവര്‍ കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് പകുതിയോടെ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അൻവര്‍ വ്യക്തമാക്കി..

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ പോലും, പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് തൃണമൂൽ നേതൃത്വം അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നും അൻവർ കൊച്ചിയിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും അൻവർ വ്യക്തമാക്കി.

യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അൻവർ നിലപാട് വ്യക്തമാക്കി. ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവര്‍ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും അൻവർ കുറ്റപ്പെടുത്തി