തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. ബംഗളൂരുവിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങിയ ഇരുവരേയും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നു ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരി മരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.





































