കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ വച്ച് രോഗിയുടെ ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുരീപ്പുഴ തുണ്ടിൽ വീട്ടിൽ സുരേഷ് ബാബുവിനാണ്(52) പരിക്കേറ്റത്. സംഭവത്തിൽ കൊല്ലം ചവറ സെബാസ്റ്റിനെതിരെ(64) കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ജില്ലാ ആശുപത്രിയിലെ ന്യു ഐ.സി.യുവിലായിരുന്നു സംഭവം. ഐ.സി.യുവിലെ ഒന്നാം കിടക്കയിലെ രോഗിയുടെ യൂറിൻ ബാഗിൽ നിന്നും യൂറിൻ നീക്കുകയായിരുന്നു സുരേഷ് ബാബു. ഇതിനിടെ മൂന്നാമത്തെ കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സുരേഷ് ബാബു പെട്ടെന്ന് ചാടിയെഴുന്നേറ്റ് വെന്റിലേറ്റർ സംവിധാനത്തിന്റെ സ്റ്റാൻഡ് ഊരി സുരേഷ്ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരിഞ്ഞുനോക്കുന്നതിനിടെ വീണ്ടും തലയ്ക്ക് അടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ചേർന്ന് സെബാസ്റ്റ്യനെ പിന്തിരിപ്പിക്കുകയായിരുന്നു.
സുരേഷ് ബാബുവിന്റെ നെറ്റിയിൽ മൂന്ന് തുന്നലും തലയുടെ പിൻഭാഗത്ത് ഏഴ് തുന്നലുമുണ്ട്. കഴുത്തിലെ എല്ലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ബാബു കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റി. പാൻക്രിയാസ് സംബന്ധമായ രോഗം മൂർച്ഛിച്ചാണ് സെബാസ്റ്റ്യനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.































