27.1 C
Kollam
Saturday 5th September, 2026 | 11:37:52 PM
Home News Breaking News കുറുവ മോഷണക്കേസിൽ സംഘത്തലവനായ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു

കുറുവ മോഷണക്കേസിൽ സംഘത്തലവനായ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു

ആലപ്പുഴ.കേരളം ആകെ ചർച്ച ചെയ്ത കുറുവ മോഷണക്കേസിൽ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു .പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്ത് വന്ന വീഴ്ചകളാണ് പ്രതിയെ വെറുതെ വിടാൻ കാരണം.പ്രതിക്കെതിരെ മോഷണക്കേസ് കോടതിയിൽ തെളിയിക്കാനായില്ല.തെളിവെടുപ്പിന് മുൻപ് പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചതും അറസ്റ്റ് മെമ്മോ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയത് ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

കുപ്രസിദ്ധമായ കുറുവാ മോഷണ പരമ്പരയിലെ ആദ്യ കേസിലാണ് പോലീസിന് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായത്.കേസിലെ രണ്ടാം പ്രതിയും കുറുവ സംഘ തലവനുമായ കട്ടുപൂച്ചനെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് വെറുതെവിട്ടത്.പ്രതിക്കെതിരെ പോലീസ് ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാനായില്ല.ഇതിനുപുറമെ അറസ്റ്റ് സമയത്ത് പോലീസ് വരുത്തിയ വീഴ്ചകളും പ്രതിഭാഗത്തിന് അനുകൂലമായി.തമിഴ്നാട്ടിൽ നിന്ന് കട്ട്പൂച്ചനെ പിടികൂടിയ ശേഷം അറസ്റ്റ് മെമ്മോ തയ്യാറാക്കുന്നതിലും,കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങുന്നതിലും പോലീസ് വീഴ്ച വരുത്തിയിരുന്നു.ഇതിനുപുറമേ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ യൂട്യൂബർക്ക് മുന്നിൽ ഹാജരാക്കി ദൃശ്യങ്ങൾ നൽകിയത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി രണ്ടാം പ്രതിയെ വെറുതെവിട്ടത്.ഒന്നാം പ്രതിക്കെതിരെ ഭവനഭേദന കുറ്റം മാത്രമാണ് തെളിയിക്കാനായത്. രണ്ടുവർഷം മാത്രം തടവ് ശിക്ഷ ലഭിക്കുന്ന കേസിൽ 21 മാസം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ഒന്നാംപ്രതിക്കും ജാമ്യം ലഭിക്കാനാണ് സാധ്യത.

മോഷണ പരമ്പരയിലെ രണ്ടു കേസുകളിൽ കൂടി കോടതി വിധി പറയാൻ ബാക്കിയുണ്ട്.ഈ കേസുകളിലും സമാനമായ വിധി ഉണ്ടാകുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. കേസന്വേഷണത്തിൽ പോലീസ് വരുത്തിയ വീഴ്ചകൾ കോടതിയിൽ പ്രതികൾക്ക് അനുകൂലമായത് വീണ്ടും ചർച്ചയാവുകയാണ്