കോഴിക്കോട്. തീക്കട്ടയില്‍ അരിക്കുന്ന ഉറുമ്പുണ്ടാകുമോ, സിറ്റി പൊലീസ് കാൻ്റീനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി ഹാരിസിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്കാണ് ഭക്ഷണം കഴിക്കാനെന്ന വ്യാജേനയെത്തി മൊബൈൽ ഫോണുമായി പ്രതി കടന്നുകളഞ്ഞത്. പിടിയിലായ ഹാരിസ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
തീക്കട്ടയിൽ ഉറുമ്പരിക്കുന്ന കാഴ്ച്ച കണ്ടവര്‍ ഞെട്ടി. ചുറ്റും പൊലീസുകാർ നിൽക്കെ അതിവിദഗ്ധമായ ഒരു മോഷണം, സ്ഥലം കോഴിക്കോട് സിറ്റി പോലീസ് കാൻ്റീൻ, തൊട്ടപ്പുറത്ത് സിറ്റി പോലീസ് കമീഷണർ ഓഫീസ് , തൊട്ടടുത്ത് വനിത പോലീസ് സ്റ്റേഷൻ ഇതൊക്കെയുൾപ്പെടുന്ന കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാൻ്റീനിലാണ് പട്ടാപ്പകലിലെ മോഷണം
ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ ആൾ, ക്യാഷ് കൗണ്ടറിനു സമീപം പൈസയുമായെത്തി.പലരും പൈസ കൊടുക്കുന്ന തിരക്കിൽ മോഷ്ടാവിൻ്റെ ശ്രദ്ധ മേശയിൽ ഇരിക്കുന്ന മൊബൈൽ ഫോണിലായിരുന്നു.പരിസരം നിരീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി മൊബൈൽ ഫോൺ കൈക്കലാക്കി അതിവേഗം കടന്നു കളഞ്ഞു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷണം പോയത് ജീവനക്കാർ ഉറപ്പിച്ചത്. തുടർന്ന് കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശി ഹാരിസ് പിടിയിലായത്.


































