29.1 C
Kollam
Friday 13th November, 2026 | 04:59:20 PM
Home News National കേന്ദ്രീയ വിദ്യാലയങ്ങളിൽ എ.ഐ നിരീക്ഷണം; ഹാജരും പഠനനിലവാരവും ഇനി തത്സമയം അറിയാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ എ.ഐ നിരീക്ഷണം; ഹാജരും പഠനനിലവാരവും ഇനി തത്സമയം അറിയാം

Advertisement

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ഹാജർ, പഠനനിലവാരം, പരീക്ഷാഫലം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാൻ നിർമിതബുദ്ധി (എ.ഐ) സംവിധാനം. കേന്ദ്രീയ വിദ്യാലയ സംഗതൻ (കെ.വി.എസ്) ആരംഭിച്ച ‘വിദ്യാ സമീക്ഷ കേന്ദ്രം’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഹാജർ, പ്രവേശനം, പരീക്ഷാഫലം, സ്കൂളുകളിലെ സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ലഭ്യമാകും. ‘സമീക്ഷ’ എന്ന എ.ഐ സംവിധാനം ഈ വിവരങ്ങൾ വിശകലനം ചെയ്ത് പഠനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പിന്നാക്കം നിൽക്കുന്ന മേഖലകൾ കണ്ടെത്തും. ആവശ്യമായ പരിഹാരങ്ങളും നിർദേശിക്കും. കൂടുതൽ സഹായം ആവശ്യമുള്ള വിദ്യാർഥികളെയും സ്കൂളുകളെയും തിരിച്ചറിയാനും ഇതിലൂടെ കഴിയും.

സംവിധാനം രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഭാവിയിൽ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ വിവരങ്ങളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു.

രക്ഷിതാക്കൾക്കായി കെ.വി.എസ്-സംവാദ് ആപ്പും പോർട്ടലും പൂർവവിദ്യാർഥികൾക്കായി അലുംനി പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. സംവാദ് ആപ്പിലൂടെ കുട്ടികളുടെ ഹാജർ, സിലബസ് പുരോഗതി, പരീക്ഷാഫലം എന്നിവ രക്ഷിതാക്കൾക്ക് അറിയാം. പഠനസാമഗ്രികൾ, ഡിജിറ്റൽ വിദ്യാർഥി തിരിച്ചറിയൽ കാർഡ് എന്നിവയും ലഭ്യമാകും. വിവിധ സർട്ടിഫിക്കറ്റുകൾക്കും അവധിക്കും ഓൺലൈനായി അപേക്ഷിക്കാം.

അലുംനി പോർട്ടലിലൂടെ പൂർവവിദ്യാർഥികൾക്ക് സ്കൂളുകളുമായും സഹപാഠികളുമായും ബന്ധം നിലനിർത്താനും അനുഭവങ്ങൾ പങ്കുവയ്ക്കാനും മെന്റർഷിപ്പ്, കരിയർ മാർഗനിർദേശം എന്നിവ നൽകാനും കഴിയും. മൂന്ന് സംവിധാനങ്ങളും കെ.വി.എസ് ആസ്ഥാനത്തെ ഐ.ടി സർവീസസ് സെല്ലാണ് വികസിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020, ഡിജിറ്റൽ ഇന്ത്യ പദ്ധതി എന്നിവയുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here