കണ്ണൂര്‍. വൈദേകം റിസോർട്ടിലെ നിക്ഷേപം വീണ്ടും വിവാദത്തിൽ. ഇ.പി. ജയരാജനും ഭാര്യയും ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങി നിക്ഷേപിച്ചെന്ന ആരോപണവുമായി ഇ.പിയുടെ മരുമകൻ ഇ.പി. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല പോസ്റ്റിട്ടതെന്നും വിശദീകരണം. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ശ്യാംജിത്തിന്റെ ഭാര്യക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പുതിയ വിവാദം.
തളിപ്പറമ്പ് മൊറാഴയിലെ വൈദേകം റിസോർട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ടായിരുന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ഉൾപ്പെടെയുള്ള ചുമതലകൾ നിർവഹിച്ചിരുന്നത് കുടുംബാംഗങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ട് മാനേജ്മെന്റിന്റെ പരാതിയിൽ ശ്യാംജിത്തിന്റെ ഭാര്യ ദീപയ്ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. വ്യാജ വൗച്ചറുകൾ തയ്യാറാക്കിയും സ്ഥാപനത്തിനായി വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചും അഞ്ചുലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കേസിന് പിന്നാലെയാണ് ഇ.പി. ജയരാജനും ഭാര്യക്കുമെതിരെ ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന് ശശിധരൻ കർത്തയുടെ പണമാണ് ഉപയോഗിച്ചതെന്നും വലിയ തോതിൽ കള്ളപ്പണം എത്തിയെന്നുമായിരുന്നു ആരോപണം. പിന്നാലെ ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്തം ഇ.പി. ജയരാജനും ഭാര്യക്കുമായിരിക്കുമെന്നും സൂചിപ്പിച്ചുള്ള മറ്റൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ഇ.പി. ജയരാജൻ രംഗത്തെത്തി.
പോസ്റ്റുകൾ വിവാദമായതോടെ ശ്യാംജിത്തിന്റെ അക്കൗണ്ടിൽനിന്ന് അവ നീക്കം ചെയ്തു. പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുമായി തനിക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി മറ്റൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ശബരിമല യാത്രയിലാണെന്നും കണ്ണൂരിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ശ്യാംജിത്ത് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണവുമായി മാനേജിങ് ഡയറക്ടർ തോമസ് ജോസഫ് . ഇ പി ജയരാജന്റെ മരുമകൻ ശ്യാംജിത്തിന്റെ ആരോപണത്തിലാണ് മറുപടി. ശശിധരൻ കർത്തയുടെ പണം വൈദേകത്തിൽ എത്താൻ വിദൂര സാധ്യത പോലുമില്ലെന്ന് തോമസ് ജോസഫ് പറഞ്ഞു. വൈദേകം നടത്തിപ്പിൽ തീരുമാനം എടുക്കുന്നത് ഡയറക്ടർ ബോർഡാണ്. ഡയറക്ടർ ബോർഡിനെ സഹായിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരിയുടെ ഭർത്താവാണ് ആരോപണം ഉന്നയിച്ച ശ്യാംജിത്ത്.സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഈ ജീവനക്കാരിയെ പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികരമാകാം ആരോപണം എന്ന് തോമസ് ജോസഫ് പറഞ്ഞു.



































